പാറശാല ഷാരോണ്‍ വധം; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസില്‍ കാമുകി ഗ്രീഷ്മയും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും കുറ്റക്കാരാണെന്ന് കണ്ടെത്തി. രണ്ടാം പ്രതി മാതാവ് സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി എംഎം ബഷീര്‍ ആണ് ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി നാളെ പ്രസ്താവിക്കും. 2022 ഒക്ടോബര്‍ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോള്‍ കാമുകനെ ഒഴിവാക്കാനായി ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി വിദഗ്ധമായി പാരാസെറ്റാമോള്‍ കലര്‍ത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിപ്പിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോണ്‍ അന്നു രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊടുത്തത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 11 ദിവസം കഴിഞ്ഞപ്പോള്‍ ഷാരോണ്‍ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിദഗ്ധമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്ഷപ്പെടാന്‍ ഗ്രീഷ്മ ശ്രമിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്മക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ സുഹൃത്തിനോടും പിതാവിനോടും ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിര്‍ണായകമായത്. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരെയും പ്രതി ചേര്‍ത്തു. അതിനിടെ കസ്റ്റഡിയില്‍ വച്ച് ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചു. ഒരു വര്‍ഷം ജയിലില്‍ കിടന്ന ശേഷമാണ് ഗ്രീഷ്മ ജാമ്യത്തില്‍ ഇറങ്ങിയത്. 2023 ജനുവരി 25ന് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയായത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിനീത് കുമാര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page