കാസര്‍കോട്: തൊഴിലുറപ്പ് ജോലിക്കിടയില്‍ കുഴഞ്ഞു വീണു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. സംസ്ക്കാര ചടങ്ങുകള്‍ക്കു പിന്നാലെ ഭാര്യ ഹൃദയംപ്പൊട്ടി മരിച്ചു. പുത്തിഗെ പഞ്ചായത്തിലെ ബാഡൂര്‍ പദവിലെ സഞ്ജീവ (55), ഭാര്യ സുന്ദരി (50) എന്നിവരാണ് മരിച്ചത്.
ചക്കട്ടച്ചാല് എന്ന സ്ഥലത്ത് തൊഴിലുറപ്പ് ജോലിക്കിടയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സഞ്ജീവ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണപ്പെട്ടു. മൃതദേഹം വീട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ഭര്‍ത്താവിന്റെ ആകസ്മിക വിയോഗം സുന്ദരിയെ വലിയ ദുഃഖത്തിലാഴ്ത്തിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സുന്ദരി വീട്ടില്‍ കുഴഞ്ഞു വീണു. ഹൃദയാഘാതമാണെന്ന സംശയത്താല്‍ ഉടന്‍ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സഞ്ജീവയുടെയും സുന്ദരിയുടെയും മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി.
മക്കള്‍: സുഹാസിനി, സുഭാഷിണി, സുഗന്ധി, ദീക്ഷിത്. ഏക സഹോദരന് ഗോവിന്ദ.
