
മഞ്ചേശ്വരം: 2024ല്‍ വൊര്‍ക്കാടി പഞ്ചായത്തിലെ എല്ലാ വീടുകളിലും പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്നതിനു സര്‍ക്കാര്‍ 2006ല്‍ ആവിഷ്‌കരിച്ച ആനക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നു ഗുണഭോക്താക്കള്‍ക്കു 2025ല്‍ കുടിവെള്ളത്തിനു പകരം വന്‍തുകയുടെ ബില്ലുകള്‍ ലഭിച്ചു തുടങ്ങിയെന്നു നാട്ടുകാര്‍ അറിയിച്ചു.
വാട്ടര്‍ അതോറിറ്റിക്കാര്‍ പൈപ്പും ടാപ്പും സ്ഥാപിച്ച നിര്‍ധനയായ ഒരു വീട്ടമ്മയ്ക്ക് കിട്ടിയത് 55,000 രൂപയുടെ ബില്ലും തുടര്‍ന്നു കിടപ്പാടം ജപ്തി ചെയ്യുമെന്നു മുന്നറിയിച്ചു കൊണ്ടുള്ള നോട്ടീസുമാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു. കുടിവെള്ളത്തിനു പകരം പൈപ്പിലൂടെ കാറ്റു മാത്രം കിട്ടിയ മുന്‍ വൊര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദിനു 3700 രൂപയുടെ ബില്ലു ലഭിച്ചു. 55000 രൂപക്കും 25000 രൂപയ്ക്കുമിടയിലുള്ള ബില്ല് മിക്ക കുടുംബങ്ങള്‍ക്കും ലഭിച്ചിട്ടുണ്ടെന്നു പറയുന്നു. ഇത്തരം ബില്ല് ഇപ്പോഴും പഞ്ചായത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.
2006ല്‍ എല്‍ഐസിയില്‍ നിന്ന് ആറു കോടി രൂപ വായ്പയെടുത്താണ് പദ്ധതി നിര്‍മ്മാണം ആരംഭിച്ചത്. ഉപ്പള പുഴയുടെ ആനക്കല്ലില്‍ ഈ തുക കൊണ്ട് തടയണയും കിണറും പമ്പ് ഹൗസും സ്ഥാപിച്ചു. ഗുരുവേദപ്പദവില്‍ പുഴയില്‍ നിന്നു വലിച്ചെടുക്കുന്ന വെള്ളം എത്തിച്ചു ശുദ്ധീകരിക്കുന്നതിന് പ്ലാന്റ് സ്ഥാപിച്ചു. മഞ്ചേശ്വരത്തേക്കു വെള്ളം കൊണ്ടു പോവുന്നതിന് മൊറത്തണയില്‍ ഒരു സബ് ടാങ്കുമുണ്ടാക്കി. അതു കഴിഞ്ഞു പൈപ്പ് സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ് തട്ടിപ്പിന്റെ വെള്ളപ്പാച്ചില്‍ പൈപ്പിലൂടെയും വഴി മുഴുവനും ഇപ്പോള്‍ ഗുണഭോക്താക്കള്‍ക്കും നേരെ ഒഴുകാന്‍ തുടങ്ങിയതെന്നു പറയുന്നു. ആദ്യം സ്ഥാപിച്ച വലിയ വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ ടാങ്കില്‍ നിന്നു വെള്ളം തുറന്നു വിടുമ്പോള്‍ തുരുതുരെ പൊട്ടാന്‍ തുടങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ വാങ്ങിയവരും സ്ഥാപിച്ചവരും തന്നെ വീണ്ടും വീണ്ടും പലതരം പൈപ്പുകള്‍ വാങ്ങി വേണ്ടത്ര ആഴമില്ലാതെ റോഡ് സൈഡില്‍ മണ്ണുമാന്തിവച്ചു. അതിനു 14 കോടി രൂപ കൂടി എല്‍.ഐ.സിയില്‍ നിന്നു ലോണെടുത്തുവെന്നു പറയുന്നു.
ഈ പരിപാടി നടന്നു കൊണ്ടിരിക്കെ തന്നെ വാട്ടര്‍ അതോറിറ്റി വൊര്‍ക്കാടി പഞ്ചായത്തില്‍ വീടുവീടാന്തരം കയറി കുടിവെള്ളം ഇതാ വീടുകളിലെത്തുന്നുവെന്നു കുടിവെള്ള ക്ഷാമം നേരിടുന്ന നാട്ടുകാരെ അറിയിച്ചു. ഒരു പൈസ ചെലവില്ല. ആധാര്‍ കാര്‍ഡു കാണിച്ചാല്‍ മാത്രം മതിയെന്നായിരുന്നു ഉപദേശം. ശുദ്ധാത്മാക്കളായ നാട്ടുകാര്‍ ആധാര്‍കാര്‍ഡ് ഇവര്‍ക്കു നല്‍കുകയും അപ്പോള്‍ തന്നെ അതിന്റെ ഫോട്ടോ എടുത്ത ശേഷം തിരിച്ചു കൊടുക്കുകയും ചെയ്തു. വീട്ടില്‍ ടാപ്പു സ്ഥാപിച്ചു. മുറ്റത്തൊക്കെ പൈപ്പും വച്ചു. 2011ല്‍ ആനക്കല്‍ കുടിവെള്ള പദ്ധതി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തു. അതിനു ശേഷം മിക്ക കണക്ഷനുകളിലും ഇപ്പോഴും ടാപ്പു തുറക്കുമ്പോള്‍ കാറ്റു കിട്ടിക്കൊണ്ടിരിക്കുന്നു. ചിലര്‍ക്കു അതും ഇല്ല. ഇതില്‍ നിന്നു പൈപ്പുവെള്ളത്തിന്റെ രുചിയറിയാന്‍ പോലും ഭാഗ്യമില്ലാതെ വന്ന 20 കോടി രൂപയുടെ ജനക്ഷേമ കുടിവെള്ള പദ്ധതിയുടെ പേരിലാണ് ഞെട്ടിപ്പിക്കുന്ന കൊള്ള ബന്ധപ്പെട്ടവര്‍ ആരംഭിച്ചിട്ടുള്ളത്.
പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയും അതിന്റെ നേട്ടം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും അതുവരെയുള്ള കൊള്ളബില്ലും നടപടികളും അവസാനിപ്പിക്കുകയും വേണമെന്നു മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അതിരൂക്ഷമായ പ്രതികരണത്തിനു ജനങ്ങള്‍ നിര്‍ബന്ധിതരാവുമെന്നു അദ്ദേഹം പറഞ്ഞു.







