കാസര്‍കോട്: ബോവിക്കാനത്തിനു സമീപത്ത് കുട്ടിയാനം-ചിപ്ലിക്കയ റോഡില്‍ രണ്ടു കൂറ്റന്‍ പുലികള്‍. ശനിയാഴ്ച പുലര്‍ച്ചെ 5.45ന് ചിപ്ലിക്കയ ഭജന മന്ദിരത്തിലേക്ക് രണ്ടു അയ്യപ്പ ഭക്തന്മാരെയും കൊണ്ടു പോവുകയായിരുന്ന കുട്ടിയാനത്തെ ദിനേശനാണ് പുലികളെ കണ്ടത്. കുട്ടിയാനത്ത് റോഡില്‍ കിടക്കുന്ന നിലയിലാണ് പുലികളെ കണ്ടതെന്നു ദിനേശന്‍ പറഞ്ഞു. ഒരു പുലി വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍ കാട്ടിലേക്ക് ഓടിമറിഞ്ഞു. രണ്ടാമത്തെ പുലി അല്‍പസമയം റോഡില്‍ നിന്നു മാറാന്‍ കൂട്ടാക്കിയില്ല. പിന്നീട് കാട്ടിലേക്ക് നീങ്ങിയ പുലി മൂന്നു തവണ തിരിഞ്ഞു നോക്കിയശേഷമാണ് പോയതെന്നും ദിനേശന്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ പറയുന്നു. തടിച്ചു കൊഴുത്ത വലിയ രണ്ടു പുലികളെയാണ് കണ്ടതെന്നു കൂട്ടിച്ചേര്‍ത്തു.