മുംബൈ: നാലുകോടി 14 ലക്ഷം രൂപയുടെ മാരക മയക്കുമരുന്നായ മരിജുവാനയുമായി കാസര്‍കോടു സ്വദേശിയുള്‍പ്പെടെ രണ്ടു പേരെ മുംബൈയില്‍ അറസ്റ്റു ചെയ്തു.
ബാങ്കോക്കില്‍ നിന്നു മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് പറമ്പി(26)ല്‍ നിന്നാണ് 4.14 കോടി രൂപ വില വരുന്ന മരിജുവാന പിടിച്ചെടുത്തത്. അവിടെ നിന്നു മരിജുവാന കൊണ്ടുപോകാന്‍ വിമാനത്താവളത്തില്‍ കാത്തു നിന്ന കാസര്‍കോട്ടെ കെ.പി അഹമ്മദിനെയും കസ്റ്റംസ് അറസ്റ്റു ചെയ്തു. മുഹമ്മദ് പറമ്പിന്റെ ട്രോളി ബാഗില്‍ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഹൈഡ്രോപോണിക് കള (മരിജുവാന) അടങ്ങിയ 10 പ്ലാസ്റ്റിക് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് കാസര്‍കോടു സ്വദേശി കെ.പി അഹമ്മദ് പിടിയിലായത്. ബാങ്കോക്കില്‍ നിന്നുള്ള ഡി.ഡി 938 നോക് എയര്‍ലൈന്‍സിലാണ് മുഹമ്മദ് പറമ്പില്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റെന്ന് അറിയുന്നു. ട്രോളിബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് മരിജുവാന ഇയാള്‍ മുംബൈയിലേക്കു കള്ളക്കടത്തു നടത്തിയതെന്നു വക്താക്കള്‍ സൂചിപ്പിച്ചു.
മയക്കുമരുന്നു കള്ളക്കടത്തിനു വന്‍തുക കമ്മീഷന്‍ ലഭിക്കുമെന്ന് കസ്റ്റംസ് ചോദ്യം ചെയ്യലില്‍ മുഹമ്മദ് പറമ്പില്‍ വെളിപ്പെടുത്തി. രണ്ടു പ്രതികളെയും എന്‍ഡിപിഎസ് നിയമപ്രകാരം കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികള്‍ മയക്കുമരുന്നു കടത്തു കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ 20 വര്‍ഷം തടവുശിക്ഷക്കു വിധേയരാവണം.