കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു. ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലുമാണ് മരിച്ചുകിടന്നിരുന്നത്. മലപ്പുറം പൊന്നാനിയിലെ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജെന്നും ജീവനക്കാരനാണ് ജോയലെന്നും വടകര പൊലിസ് പറഞ്ഞു. ഞായറാഴ്ച രാവിലെ മുതല്‍ റോഡില്‍ കാരവന്‍ വെറുതെകിടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലിസില്‍ അറിയിച്ചത്.ഫ്രീ ലാൻ്റ് ഗ്രൂപ്പ് ഓഫ് ലോജിസ്റ്റിക് മലപ്പുറത്തിൻ്റേതാണ് കാരവൻ. കണ്ണൂരിൽ വിവാഹ പാർട്ടിയെ ഇറക്കി തിരിച്ചു പോകുകയായിരുന്നു കാരവൻ. രാത്രി ബന്ധുക്കൾ വിളിച്ചപ്പോൾ ഇവർ ഭക്ഷണം കഴിക്കുന്നതായി വിവരം ഉണ്ടായിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് ഫിംഗർ പ്രിന്റ് വിദഗ്ദർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് സിഐ എൻ സുനിൽ കുമാർ പറഞ്ഞു. പൊലീസ് പരിശോധനക്ക് ശേഷം മൃതദേഹങ്ങൾ സംഭവ സ്ഥലത്തുനിന്നു മാറ്റും. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണ കാരണമെന്നുമാണ് സൂചന.
