നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു 5 ലക്ഷത്തിന്റെ സാനിറ്ററി സാധനങ്ങള്‍ കവര്‍ന്ന യുവതി അറസ്റ്റില്‍, പിടിയിലായത് ചന്തേരയിലും ചീമേനിയിലും കവര്‍ച്ച നടത്തിയ ആള്‍

പയ്യന്നൂര്‍: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നു അഞ്ചു ലക്ഷം രൂപ വില മതിക്കുന്ന സാനിറ്ററി സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. തമിഴ്‌നാട്, വില്ലുപുരം സ്വദേശിയും ഇപ്പോള്‍ പഴയങ്ങാടിയില്‍ താമസിക്കാരിയുമായ പാച്ചിയമ്മ(40)യെ ആണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി പി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കുഞ്ഞിമംഗലം, ആണ്ടാംകൊവ്വലില്‍, ടി.പി വിനീത് നിര്‍മ്മിക്കുന്ന വീട്ടില്‍ ഡിസംബര്‍ ഏഴിനാണ് കവര്‍ച്ച നടന്നത്. നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ സിസിടിവി ക്യാമറകളും ക്യാമറാ കേബിളും സ്വിച്ച് ബോര്‍ഡിലേക്കുള്ള വയറുകളും നശിപ്പിച്ച ശേഷം സാനിറ്ററി സാധനങ്ങള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. പിറ്റേ ദിവസം തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം വ്യക്തമായത്.
സമീപ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാച്ചിമ്മ നേരത്തെ ചന്തേര, ചീമേനി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ മോഷണ കേസുകളില്‍ അറസ്റ്റിലായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ ശ്രീഹരി, എസ്‌ഐ മാരായ സി. സനീത്, ഹേമന്ദ് കുമാര്‍, എ.എസ്.ഐ.മാരായ രതീഷ് കുന്നൂല്‍, സുനിത ഫെര്‍ണാസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജബ്ബാര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page