എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ശ്രുതി; ഊന്നുവടിയുമായി കളക്ടറേറ്റിലെത്തി ജോലിയില്‍ പ്രവേശിച്ചു

കല്‍പ്പറ്റ: വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കല്‍പറ്റ കളക്ടറേറ്റിലെത്തി എഡിഎം കെ ദേവകിയുടെ മുമ്പാകെ റവന്യു വകുപ്പില്‍ ക്ലര്‍ക്കായാണ് ജോലിയില്‍ പ്രവേശിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി എം ജെ ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ സികെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പുമുണ്ടായിരുന്നു. റവന്യൂ മന്ത്രി കെ രാജന്‍ ശ്രുതിയുമായി ഫോണില്‍ സംസാരിച്ചു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പെട്ട് ശ്രുതിക്ക് മാതാപിതാക്കളെയും സഹോദരിയെയും വീടും നഷ്ടമായിരുന്നു. പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു കൂട്ട്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന വാഹനാപകടത്തില്‍ ജെന്‍സനെയും ശ്രുതിക്ക് നഷ്ടമായി.
അപകടത്തില്‍ സാരമായി പരിക്കേറ്റ ശ്രുതി മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉരുള്‍പൊട്ടലിനുശേഷം ബന്ധുവിനൊപ്പം കല്‍പ്പറ്റയിലെ വാടകവീട്ടില്‍ കഴിയുന്ന ശ്രുതിയുടെ വിവാഹം നടക്കാനിരിക്കെയാണ് പ്രതിശ്രുത വരനും മരിച്ചത്. അതിനിടെ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ശ്രുതിയുടെ താല്‍പര്യപ്രകാരം വയനാട് കളക്ടറ്റേറില്‍ തന്നെ ജോലി നല്‍കുകയായിരുന്നു. ശ്രുതിക്ക് വേണ്ടി സന്നദ്ധ സംഘടന കല്‍പറ്റയില്‍ വീട് നിര്‍മിച്ച് നല്‍കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page