‘ഒരു തെറ്റുപറ്റി’ മൊഴിയില്‍ അവ്യക്തത; പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. അസി. പൊലീസ് കമ്മിഷണര്‍ ടി.കെ. രത്നകുമാര്‍, ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് വിവരം. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടര്‍ സമാന മൊഴി നല്‍കിയിരുന്നു. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ കളക്ടര്‍ തന്നെ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഇല്ലായിരുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ കുടുംബം ഹൈക്കോടതിയില്‍ പോയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ടുനില്‍ക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം വീണ്ടും മൊഴി എടുത്തത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page