കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവ അരങ്ങുണര്‍ന്നു; കലോത്സവം വൈകീട്ട് നടന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്യും

ഉദിനൂര്‍: നാടകത്തിന്റെയും പൂരക്കളിയുടെയും ഗ്രാമമായ ഉദിനൂരില്‍ കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവം സ്‌റ്റേജിന മല്‍സരങ്ങള്‍ തുടങ്ങി. വേദി ഒന്നായ തേജസിനി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തോടെ കൗമാര കലോത്സവ അരങ്ങുണര്‍ന്നു. ഇനിയുള്ള മൂന്നുദിനം ഉദിനൂരില്‍ ഉല്‍സവ നാളുകളാണ്. 12 വേദികളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ഉപജില്ലകളില്‍ നിന്നെത്തുന്ന പ്രതിഭകള്‍ മാറ്റുരയ്ക്കും. ഭരതനാട്യം, കുച്ചുപ്പുടി, കേരള നടനം, സംസ്‌കൃത നാടകം, മോണോ ആക്ട്, മിമിക്രി തുടങ്ങിയ പരിപാടികളാണ് ഇന്ന് വിവിധ വേദികളിലായി അരങ്ങേറുക. സ്‌കൂള്‍ കലോത്സവത്തിലെ 12 വേദികളും ഇന്ന് അദ്ധ്യാപികമാരാണ് നിയന്ത്രിക്കുന്നത്. സ്റ്റേജ് മാനേജര്‍മാരും അദ്ധ്യാപികമാര്‍ തന്നെ. ജില്ലയിലെ 300 അദ്ധ്യാപികമാരാണ് യൂണിഫോമില്‍ ഇറങ്ങാനിരിക്കുന്നത്. ഒരു ദിവസം കലോത്സവ ഡ്യൂട്ടിക്ക് 118 പേരാണ് വേണ്ടത്. മൂന്ന് ഷിഫ്റ്റുകളിലായിരിക്കും അദ്ധ്യാപികമാര്‍ക്ക് ഡ്യൂട്ടി നല്‍കുന്നത്. മുഴുവന്‍ അദ്ധ്യാപികമാര്‍ക്കും ഇതുവഴി ഡ്യൂട്ടി ലഭിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞു.
വൈകുന്നേരം നാലിന് കലോല്‍സവം സിനിമാതാരം കെ മധുപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയാകും. ജനപ്രതിനിധികളും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയും ചടങ്ങില്‍ സംബന്ധിക്കും. 229 പോയിന്റ് നേടി ഹോസ്ദുര്‍ഗ് ഉപജില്ലയും ബേക്കല്‍ ഉപജില്ലയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 226 പോയിന്റ് നേടി ചെറുവത്തൂര്‍ ഉപജില്ല രണ്ടും 220 പോയിന്റ് നേടി കാസര്‍കോട് ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page