ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരിക്കില്ല; വെളുത്ത പൊടി കണ്ടെത്തി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറില്‍ പിവിആര്‍ മള്‍ട്ടിപ്ലക്സിന് സമീപം സ്‌ഫോടനം. ‘ബന്‍സി വാല’ എന്ന മധുരപലഹാര വില്‍പ്പന ശാലയ്ക്ക് അടുത്തയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ എന്തെങ്കിലും വിധത്തിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. പ്രാഥമിക പരിശോധനയില്‍ സ്‌ഫോടനം ഉണ്ടായ സ്ഥലത്ത് നിന്ന് ഒരു വെളുത്തപൊടി കണ്ടെടുത്തിട്ടുണ്ട്. മധുരപലഹാരക്കടയോട് ചേര്‍ന്നുള്ള പാര്‍ക്കിന്റെ മതിലിന് സമീപമാണ് സ്ഫോടനം നടന്നത്. സ്‌ഫോടന വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. എന്താണ് സ്ഫോടനത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്. പുതിയ സംഭവ വികാസത്തോടെ രോഹിണി പ്രശാന്ത് വിഹാര്‍ മേഖലയിലുള്ളവര്‍ കൂടുതല്‍ കൂടുതല്‍ ആശങ്കയിലാണ്. വ്യാഴാഴ്ച രാവിലെ 11.48 നാണ് സ്ഫോടനം സംബന്ധിച്ച് ഫോണ്‍ കോള്‍ ലഭിച്ചതെന്ന് അഗ്‌നിശമനസേന അറിയിച്ചു. തുടര്‍ന്ന് നാല് അഗ്‌നിശമന വാഹനങ്ങള്‍ സ്ഥലത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അഗ്‌നിശമന സേന വിവരം അറിയിച്ചത്. നേരത്തെ ഡല്‍ഹി രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം നടന്ന സ്ഫോടനവുമായി സാമ്യമുള്ളതാണ് ഇന്ന് പ്രശാന്ത് വിഹാറില്‍ ഉണ്ട സ്‌ഫോടനം എന്നാണ് സൂചന. അതേസമയം, ഒക്ടോബര്‍ 20 ന് മേഖലയിലെ തന്നെ സിആര്‍പിഎഫ് സ്‌കൂളിലും സമാനമായ രീതിയില്‍ സ്‌ഫോടനം നടന്നിരുന്നു. ഞായറാഴ്ച ആയതിനാല്‍ സ്‌കൂള്‍ അവധിയായിരുന്നു. അതിനാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്ഥലത്ത് ഇല്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. സ്‌കൂളിന് സമീപത്തെ മതിലിന് സ്ഫോടനത്തില്‍ സാരമായ കേടുപാടുകള്‍ പറ്റിയിരുന്നു. ക്രൂഡ് ബോംബ് മൂലമാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഈ സാധ്യതകള്‍ തള്ളിക്കളഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു അടുത്തുള്ള മാലിന്യകൂമ്പാരത്തിലെ വ്യാവസായിക മാലിന്യങ്ങളില്‍ അണയാത്ത സിഗരറ്റ് കുറ്റി വീണത് മൂലമാണ് സ്‌ഫോടനം നടന്നതെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page