ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം; പ്രണയത്തിലായ സഹപാഠിയുടെ ഡിഎന്‍എ പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നതോടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. സഹപാഠിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന ലഭിച്ചതെന്ന് പൊലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കും. ഡിഎന്‍എ പരിശോധനക്കായാണ് സാമ്പിളെടുക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാല്‍ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനെടുത്ത എഫ്‌ഐആറിന് പുറമെയാണ് പോക്‌സോ വകുപ്പ് കൂടി ചേര്‍ത്ത് പുതിയ എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് 17കാരി മരിച്ചത്. പനിയെ തുടര്‍ന്നുള്ള അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഗര്‍ഭം ഒഴിവാക്കാന്‍ പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പെണ്‍കുട്ടി ഗര്‍ഭസ്ഥ ശിശുവിനെ ഒഴിവാക്കാന്‍ മരുന്ന് കഴിച്ചത് ആരുടെ നിര്‍ദേശ പ്രകാരം ആണെന്ന് പൊലീസ് പരിശോധിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page