അന്തരിച്ച പ്രശസ്ത ഭക്തി ഗാനരചയിതാവ് എവി വാസുദേവന്‍ പോറ്റിയുടെ മൃതദേഹം ഇന്നു വൈകിട്ട് സംസ്‌കരിക്കും

പാലക്കാട്: അന്തരിച്ച പ്രശസ്ത ഭക്തി ഗാനരചയിതാവ് എവി വാസുദേവന്‍ പോറ്റി (73)യുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള ഗാനരചയിതാവായിരുന്നു വാസുദേവന്‍ പോറ്റി. റെയില്‍വേയില്‍ ചീഫ് ടിക്കറ്റ് എക്സാമിനറായി വിരമിച്ച ശേഷം ഒലവക്കോടിനടുത്ത് കാവില്‍പ്പാടിലായിരുന്നു അദ്ദേഹത്തിന്റെ താമസം.
തപസ്യ കലാസാഹിത്യ വേദി പാലക്കാട് ജില്ലാ അധ്യക്ഷനായിരുന്നു. പത്തൊന്‍പതാം വയസില്‍ കവിതകളെഴുതി ശ്രദ്ധേയനായി. 1989ല്‍ പുറത്തിറങ്ങിയ മണ്ണാറശാല നാഗ സ്തുതികള്‍ ആയിരുന്നു പോറ്റിയുടെ ആദ്യ ആല്‍ബം. ‘അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ’, ‘ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ’, ‘നിന്‍ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ’, ‘പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി’, ‘വിശ്വമോഹിനി ജഗദംബികേ ദേവി’, ‘മൂകാംബികേ ദേവി മൂകാംബികേ’ തുടങ്ങിയവ അദ്ദേഹം രചിച്ച പ്രശസ്ത ഗാനങ്ങളാണ്. തത്ത്വമസി, 1993ല്‍ മാഗ്‌ന സൗണ്ട് പുറത്തിറക്കിയ ദേവീഗീതം എന്നീ ആല്‍ബങ്ങളിലൂടെ ഭക്തിഗാന രചയിതാവായി അറിയപ്പെട്ടു. 1995 ല്‍ പുറത്തിറങ്ങിയ കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രത്തില്‍ ജീവനേ എന്ന പാട്ടെഴുതി ചലച്ചിത്ര ഗാനരംഗത്തും സാന്നിധ്യമറിയിച്ചിട്ടുണ്ട്. പാലാ തുണ്ടത്തില്‍ ഇല്ലം നിര്‍മലയാണ് ഭാര്യ. മക്കള്‍: സുനില്‍, സുജിത്ത്. മരുമക്കള്‍: രഞ്ജിമ, ദേവിക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page