മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ വെടിയേറ്റു മരിച്ചതിനു പിന്നാലെ കളനാട്ട് ട്രെയിന്‍ അട്ടിമറിക്ക് ശ്രമം ആശങ്ക പരത്തി; അറസ്റ്റിലായ പ്രതി കാസര്‍കോട്ടേക്ക് എത്തിയത് ബംഗ്‌ളൂരുവിലുള്ള കാമുകിയെ കാണാന്‍ പോകുന്നതിനായി, പ്രേതകഥ കേട്ടപ്പോള്‍ കളനാട്ട് എത്തി

കാസര്‍കോട്: മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡയെ കര്‍ണ്ണാടകയിലെ ഉഡുപ്പി, ഹെബ്രിയില്‍ വച്ച് നക്‌സല്‍ വിരുദ്ധ സേന വെടിവച്ചു കൊന്ന സംഭവം പുറത്തുവന്നതിനു പിന്നാലെ കാസര്‍കോട്, കളനാട്ട് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം പൊലീസിനെ ആശങ്കയിലാക്കി. വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കകം പൊലീസ് സ്ഥലത്തെത്തി അട്ടിമറിക്ക് ശ്രമിച്ച ആള്‍ അടക്കമുള്ള രണ്ടു പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് ആശങ്ക അകന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 മണിയോടെയാണ് അമൃത്‌സര്‍-കൊച്ചുവേളി എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത്. ട്രാക്കില്‍ കരിങ്കല്ല് നിരത്തി വയ്ക്കുകയായിരുന്നു. ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ കരിങ്കല്ല് ചിതറിത്തെറിച്ചു പോയതിനാലാണ് വലിയ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ട്രെയിന്‍ കടന്നു പോകുമ്പോള്‍ അസാധാരണ ശബ്ദം കേട്ടതും കുലുക്കം അനുഭവപ്പെട്ടതും സംബന്ധിച്ച് ലോക്കോ പൈലറ്റ് റെയില്‍വെ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പൊലീസ് കളനാട് റെയില്‍വെ സ്റ്റേഷനില്‍ കുതിച്ചെത്തുകയും രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പത്തനംതിട്ട, ഏഴംകുളം, ബേബിവില്ലയിലെ അഖില്‍ ജോണ്‍ മാത്യു(21)വിനെയും സുഹൃത്തിനെയും ആണ് കസ്റ്റഡിയിലെടുത്തത്. തമാശയ്ക്കു വേണ്ടിയാണ് കല്ലുകള്‍ ട്രാക്കില്‍ വച്ചതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല. തിങ്കളാഴ്ച രാത്രിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രംഗൗഡ കൊല്ലപ്പെട്ടതും പത്തനംതിട്ട സ്വദേശികളായ രണ്ടുപേര്‍ കാസര്‍കോട്ടെത്തി ട്രാക്കില്‍ കല്ലുവച്ചതും സംബന്ധിച്ച് എന്തെങ്കിലും ബന്ധം ഉണ്ടോയെന്ന സംശയം നീങ്ങിയില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തി അറസ്റ്റിലായ അഖില്‍ ജോണ്‍ മാത്യുവിനെ ചോദ്യം ചെയ്തു. കാസര്‍കോട്ടേക്ക് എത്തിയതിനെക്കുറിച്ച് അഖില്‍ ജോണ്‍ മാത്യു പറഞ്ഞത് ഇങ്ങനെ-‘ ബംഗ്‌ളൂരുവിലുള്ള കാമുകിയെ കാണാനാണ് പത്തനംതിട്ടയില്‍ നിന്നു യാത്ര തിരിച്ചത്. കാസര്‍കോട്ട് എത്തിയപ്പോള്‍ തന്നെ കാണാന്‍ വരേണ്ടതില്ലെന്നു കാമുകി അറിയിച്ചു. ഇതോടെ മാനസിക വിഷമത്തിലായി. കൈയില്‍ ഉണ്ടായിരുന്ന കാശെല്ലാം തീര്‍ന്നു. നാട്ടിലുള്ള സഹോദരിയെ വിളിച്ച് ഗൂഗിള്‍ പേ വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടു. ഏറെ കാത്തിരുന്നിട്ടും പണം കിട്ടിയില്ല. പിന്നീട് സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടു. കുറച്ച് പണം കിട്ടിയപ്പോള്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നീട് നടന്ന് തളങ്കരയിലെത്തി. പാലത്തിനടിയില്‍ ഇരുന്ന് പുഴയിലേക്ക് കല്ലെറിഞ്ഞു കൊണ്ടിരുന്നു. ഇതു കണ്ട് സ്ഥലത്തേക്ക് എത്തിയ പ്രായമുള്ള ഒരാള്‍ രാത്രിയില്‍ ഇവിടെ തനിച്ചിരിക്കുന്നതു അപകടമാണെന്നും പ്രേതം ഉള്ള സ്ഥലമാണെന്നും പറഞ്ഞു. ഇതോടെ ഭയന്നുപോയി. അവിടെ നിന്നു റെയില്‍വെ ട്രാക്കിലൂടെ നടന്ന് കളനാട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് എത്തി. സിമന്റ് ബെഞ്ചിലിരുന്ന് ഫോണില്‍ റീല്‍സ് നോക്കിക്കൊണ്ടിരിക്കെയാണ് ട്രാക്കില്‍ കല്ലുവയ്ക്കാന്‍ തോന്നിയത്. ഒരു രസത്തിനാണ് കല്ലുകള്‍ നിരത്തി വച്ചത്. ട്രെയിന്‍ കടന്നു പോയ സമയത്തു തങ്ങള്‍ സ്ഥലത്തു തന്നെ ഇരുന്നു. പൈസ ലഭിച്ചതിനു ശേഷം നാട്ടിലേക്ക് ട്രെയിന്‍ കയറി പോവുകയായിരുന്നു ലക്ഷ്യം”.
അഖിലിന്റെ വിശദമായ മൊഴിയെടുത്തതോടെയാണ് ട്രാക്കില്‍ കല്ലുവച്ച സംഭവത്തില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്ന കാര്യം പൊലീസിനു വ്യക്തമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page