യാത്ര എന്നും ഒരു അനുഭൂതിയാണ്. അത് ട്രെയിന്‍ യാത്രയാകുമ്പോ അല്‍പം കൂടുതലാകും. ചൂളം വിളിച്ചു കൊണ്ട് മുന്നോട്ട് പോകുന്നതിനോടൊപ്പം ചിന്തയും പറന്നു കൊണ്ടിരിക്കും. ചിലപ്പോള്‍ കാണുന്ന കാഴ്ചകളില്‍ നോക്കിയിരിക്കും.
അല്ലെങ്കില്‍ മുന്നിലിരിക്കുന്ന വ്യക്തികളിലായിരിക്കും നോട്ടം. അയാള്‍ അറിയാതെയാവണം നോട്ടവും ശ്രദ്ധയും.
ദീര്‍ഘയാത്രകളിലാണ് കൂടുതല്‍ കൗതുകങ്ങള്‍ കാണാന്‍ ഇടവരിക. റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളിലാവുമ്പോള്‍ ഉറക്കം തുടങ്ങുന്നതിന് മുമ്പും കാലത്തെഴുന്നേറ്റാലുള്ള സമയവുമാണ് ഇതിന് അനുയോജ്യം.
തിരുവനന്തപുരത്തേക്കുള്ള ഒരു രാത്രി യാത്രയിലായിരുന്നു ഞാന്‍. മലബാര്‍ എക്‌സ്പ്രസിലാണ് റിസര്‍വേഷന്‍ കിട്ടിയത്.
സെക്കന്റ് ഏ.സി.യായതിനാല്‍ ആളുകള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളു. എന്റെ കാബിനില്‍ കാസര്‍കോട് നിന്ന് കയറിയ ഒരാളെ ഉണ്ടായിരുന്നുള്ളു. ഇനി രണ്ടു പേര്‍ തൃശൂരില്‍ നിന്ന് കയറേണ്ടവരാണെന്ന് ടി.ടി. പറയുന്നത് കേട്ടു.
എന്റെ എതിര്‍ വശത്തേ സീറ്റില്‍ ഇരിക്കുന്ന ആള്‍ യുവാവാണ്. ഒരു നാല്‍പത് വയസ്സ് കാണും. അദ്ദേഹത്തിന്റേത് അപ്പര്‍ ബര്‍ത്താണ്. എനിക്ക് ലോവര്‍ ബര്‍ത്തും. ഞാന്‍ നോക്കുമ്പോളൊക്കെ അദ്ദേഹം കയ്യില്‍ കരുതിയ വാരികകള്‍ മറിച്ചു നോക്കുന്നതാണ് കണ്ടത്. വായിക്കുന്നില്ല. വെറുതെ നോക്കുന്നു. പിന്നെ അടുത്ത വാരികയെടുക്കും അതും മറിച്ചു നോക്കും വെക്കും. എന്തോ അസ്വസ്ഥതയുള്ള മനുഷ്യനാണെന്ന് ഒറ്റനോട്ടത്തില്‍ എനിക്കു മനസ്സിലായി. അദ്ദേഹം ഇടയ്ക്ക് എന്റെ നേരെ കണ്ണുപായിക്കുന്നുമുണ്ട്. എന്തെങ്കിലും സംസാരിച്ചു കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമുണ്ടായിരുന്നു.
അയാളുടെ കട്ടിയുള്ള മീശ ഇടയ്ക്കിടെ തടവിക്കൊണ്ടിരിക്കുന്നുണ്ട്. സീറ്റില്‍ രണ്ടു മൂന്ന് ബാഗുകള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്. വിദേശത്തു നിന്ന് നാട്ടിലേക്ക് വരുന്ന ആളാവാനും സാധ്യതയുണ്ട്.
അതിനിടയില്‍ വലിയ ബാഗ് തുറന്ന് ചെറിയൊരു ഹാന്റ് ബാഗ് എടുത്ത് അദ്ദേഹം കാബിന് പുറത്തേക്കിറങ്ങി പോയി.
പുകയ്ക്കാനായിരിക്കുമെന്ന് ഞാനും കരുതി. എന്റെ തോന്നല്‍ ശരിയായിരുന്നു. ബാത്ത്‌റൂമില്‍ കയറി കാര്യം സാധിച്ചു വരുന്നതാണ്. കാബിനില്‍ കയറുമ്പോള്‍ സിഗരറ്റ് മണം മൂക്കിലേക്ക് അടിച്ചു കയറിയിരുന്നു. കയ്യിലുണ്ടായിരുന്ന വാരികകളില്‍ രണ്ടെണ്ണം സീറ്റില്‍ നിന്ന് താഴേക്കു വീണു കിടപ്പുണ്ടായിരുന്നു. അയാള്‍ എഴുന്നേറ്റ് പോകുമ്പോള്‍ വീണതാവാനാണ് സാധ്യത. അവ എന്റെ മുമ്പിലായിരുന്നു വീണു കിടന്നതും. അത് കണ്ടപ്പോള്‍ ഞാനത് കുനിഞ്ഞെടുത്ത് അദ്ദേഹത്തിന് നേരെ നീട്ടി.
‘താങ്ക്‌സ്’
ആദ്യമായി അദ്ദേഹത്തിന്റെ ശബ്ദം പുറത്തേക്ക് വന്നു.
‘നൊ മെന്‍ഷന്‍’.
മറുപടിയായി ഞാനത് പറയുകയും ചെയ്തു. അത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ചെറിയൊരു ചിരി പടര്‍ന്നു.
‘സാര്‍ എങ്ങോട്ടാ?’
സാധാരണയായി യാത്രക്കാര്‍ അന്വേഷിക്കുന്ന കാര്യം.
‘തിരുവനന്തപുരത്തേക്ക്’
മറുപടി ഞാന്‍ ഒരു വാക്കിലൊതുക്കി.
കാരണം ചിലര്‍ക്ക് വര്‍ത്തമാനം പറയുന്നതും കേള്‍ക്കുന്നതും അരോചകമായിരിക്കും.
എന്റെ മുമ്പിലിരിക്കുന്ന ആളുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് അറിയില്ലല്ലോ?
പക്ഷെ എന്തോ കാര്യം അന്വേഷിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ നിന്ന് എനിക്ക് മനസ്സിലായി. ‘സാറിന് തിരുവനന്തപുരത്തെ ഓഫീസുകളെ കുറിച്ച് അറിയാമോ.
എനിക്ക് കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റി ആഫീസ് എവിടെയാണെന്നറിയണമായിരുന്നു.’
ഞാന്‍ പ്രതീക്ഷച്ചത് പോലെ തന്നെ സംഭവിച്ചത് കൊണ്ട് ഞാന്‍ പെട്ടന്ന് മറുപടി നല്‍കി.
‘നന്ദാവനത്തിലാണ്’
‘ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഓഫീസോ?’
‘കളക്ടറേറ്റില്‍ തന്നെയാണ്. 1098ലേക്ക് വിളിച്ചാല്‍ കൃത്യമായി എവിടെയാണെന്ന് പറഞ്ഞു തരും.’
‘അതേയോ?’
അത് കേട്ടത്തോടെ അദ്ദേഹം എന്റെ അരികില്‍ വന്നിരുന്നു. ഒട്ടും മുഖവുരയില്ലാതെ അയാള്‍ പറഞ്ഞു തുടങ്ങി.; ‘പന്ത്രണ്ട് വര്‍ഷമായി ഞാന്‍ പോരാട്ടത്തിലാണ് സാര്‍. സ്‌നേഹിച്ചു പോയ തെറ്റിന് എന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയാത്തതിന് ഞാന്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒപ്പം ജോലി ചെയ്യുന്ന ഒരുവളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. അവള്‍ എന്നെയും ആത്മാര്‍ത്ഥമായിത്തന്നെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ ഒപ്പം ചേര്‍ന്നു. ഒരേ ആഫീസില്‍ ഒരേ സ്റ്റാറ്റസില്‍ ജോലി ചെയ്യുന്നവരായിരുന്നു ഞങ്ങള്‍. ഞാന്‍ മലബാറുകാരനും അവള്‍ തിരുവനന്തപുരക്കാരിയും. സന്തോഷകരമായൊരു ജീവിതം നയിക്കുകയായിരുന്നു ഞങ്ങള്‍. ഒരു വര്‍ഷത്തിനകം ഞങ്ങള്‍ക്ക് ഒരു മകനുമുണ്ടായി.
നല്ലൊരു തസ്തികയില്‍ യു.എസ്.എ.യില്‍ എനിക്കൊരു ജോലി ഓഫര്‍ കിട്ടി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ലീവെടുത്തു ഫോറിന്‍ സര്‍വീസില്‍ കയറി. നല്ലൊരു സാലറി കിട്ടിക്കൊണ്ടിരുന്നു. ജീവിതച്ചെലവ് കഴിച്ച് ബാക്കി വരുന്ന തുക ഭാര്യയുടെ പേരില്‍ നാട്ടിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്.
പാവപ്പെട്ടവരോട് സഹതാപം തോന്നുക എന്റെ ഒരു വീക്കനസ് ആയിരുന്നു. അമേരിക്കയില്‍ ഞാന്‍ ജോലി ചെയ്യുന്ന ആഫീസിലെ ഒരു കീഴ് ജീവനക്കാരിയുടെ കദന കഥ കേട്ടപ്പോള്‍ എന്റെ മനസ്സുരുകി. വിദ്യാസമ്പന്നനാണെങ്കിലും സംശയാലുവായിരുന്നു അവളുടെ ഭര്‍ത്താവ്. അതിന്റെ പേരില്‍ പരസ്പരം വഴക്കു കൂടും. അവരുടേതും പ്രണയ വിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു അവരുടെ വിവാഹം.
വഴക്കിനിടയില്‍ കയ്യില്‍ കരുതിയ ആസിഡ് അയാള്‍ അവളുടെ ദേഹത്തേക്ക് ഒഴിച്ചു. ഭാഗ്യത്തിനു ഒഴിഞ്ഞുമാറിയതിനാല്‍ കാല്‍പാദങ്ങളിലേ ആസിഡ് പതിച്ചുള്ളു. അയാളില്‍ നിന്ന് രക്ഷപ്പെട്ടേ മതിയാവൂയെന്ന് അവള്‍ കരുതി.
അങ്ങനെ ആണ് അവള്‍ ഇവിടെ എത്തപ്പെട്ടത്. ആരോരുമില്ലാത്ത അവളോട് എനിക്ക് കനിവു തോന്നി. ഞങ്ങള്‍ തമ്മില്‍ അസാന്മാര്‍ഗികമായി ഒന്നുമുണ്ടായില്ല. ഒപ്പം നടക്കും സംസാരിക്കും ആവശ്യമുണ്ടെങ്കില്‍ സഹായിക്കും. ഇക്കാര്യങ്ങളൊക്കെ ഞാന്‍ എന്റെ ഭാര്യയുമായി പങ്കിടാറുമുണ്ടായിരുന്നു. പക്ഷെ പോകെ പോകെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം അവള്‍ക്കിഷ്ടമാകാതെയായി. തര്‍ക്കങ്ങള്‍ കൂടി. ഒടുവില്‍ ഡൈവേര്‍സ് ചെയ്യണമെന്ന് ഭാര്യ ആവശ്യപ്പെട്ടു.
പല തരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും നടത്തി നോക്കി. പക്ഷെ എല്ലാം പരാജയപ്പെട്ടു. കേസ് കോടതിയില്‍ എത്തി.
പന്ത്രണ്ട് വര്‍ഷമാണ് ആ കേസുമായി ഞാന്‍ നടന്നത്. ഒടുവില്‍ ഡൈവേര്‍സ് ആയി.മകനെ കാണാന്‍ കോടതി വളപ്പില്‍ എത്തണം. മകന്‍ പ്ലസ് വണ്ണിന് പഠിക്കുകയാണിപ്പോള്‍. നാട്ടില്‍ വന്നാല്‍ അവനെ കാണാന്‍ ചെല്ലും. കുറച്ചുകാലം അങ്ങനെ പോയി. അവനുള്ള സമ്മാനങ്ങളാണ് സാര്‍, ഈ കാണുന്നതൊക്കെ.
പെട്ടി ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞു. ഇത്തവണ അവന്‍ കോടതി ഗ്രൗണ്ടില്‍ എത്തുമോയെന്നറിയില്ല.
അതിനൊരു കാരണമുണ്ട്. കഴിഞ്ഞ തവണ വന്നപ്പോള്‍ മകന്‍ എന്നോട് ഒരു മൊബൈല്‍ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടു. അവന്റെ ആഗ്രഹം കേട്ടപ്പോള്‍ എന്റെ മനസ്സു പതറി. സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നമുണ്ടാക്കും. ഗ്രൗണ്ടിന് പുറത്തുപോയാലല്ലേ ഷോപ്പില്‍ ചെന്ന് വാങ്ങാന്‍ പറ്റൂ.
‘അതിനൊരു വഴിയുണ്ട് പപ്പാ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ പേരില്‍ കൊറിയര്‍ അയച്ചാല്‍ മതി. എനിക്കു കിട്ടും.’ മകന്‍ പറഞ്ഞപോലെ ചെയ്തു. പുതിയ ഫോണുമായി അവന്‍ സ്‌കൂളിലെത്തി.ഹെഡ് മാസ്റ്റര്‍ പിടിച്ചു.
രക്ഷിതാക്കളെ വരാന്‍ പറഞ്ഞു. അപ്പോഴാണ് അവന്റെ അമ്മ ഈ കാര്യങ്ങളൊക്കെ അറിയുന്നത്. കുട്ടിയെ ചീത്ത വഴിക്ക് നയിക്കുന്നു എന്ന പരാതിയുമായി അവന്റെ അമ്മ വീണ്ടും കോടതിയലെത്തി. ഇപ്പൊ മകനെ കാണുന്നത് കോടതി വിലക്കിയിരിക്കുകയൊണ്. അതിന് പരിഹാരം കാണാന്‍ പറ്റുമോ? എന്റെ പൊന്നുമോനെ ഒരു നോക്കെങ്കിലും കാണാന്‍ പറ്റുമോ എന്ന ആഗ്രഹത്തിലാണ് സാര്‍ എന്റെ ഈ യാത്ര. പറയുമ്പോള്‍ തന്നെ അയാളുടെ വാക്കുകളില്‍ ആ വേദന നിഴലിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. പരിഹാരം കിട്ടുമോ ഇല്ലയോ എന്ന് പോലും എനിക്ക് പറയാന്‍ കഴിഞ്ഞില്ല.
എങ്കിലും എന്നാല്‍ കഴിയുന്ന വാക്കുകള്‍ കൊണ്ട് ഞാന്‍ അയാളെ ആശ്വസിപ്പിച്ചു. പ്രതീക്ഷയുടെ ചെറിയ വെളിച്ചം നല്‍കി. ആ യാത്ര അവസാനിച്ചപ്പോള്‍ ഒരു നന്ദി വാക്കും പറഞ്ഞു അയാള്‍ എങ്ങോട്ടോ നടന്നകലുകയും ചെയ്തു.
അയാളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ഉള്ളില്‍ ഒരു ചോദ്യമുയരും. അയാള്‍ക്ക് നീതി കിട്ടി കാണുമോ.
അറിയില്ല. എന്തൊക്കെ ജീവിതങ്ങളാണ് മനുഷ്യന്‍ ജീവിച്ചു തീര്‍ക്കുന്നതല്ലേ?
