മുറിയില്‍ എലിവിഷം വച്ച് എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങി; ശ്വസിച്ച ഒരുവയസുകാരനടക്കം രണ്ടുകുട്ടികള്‍ മരിച്ചു

ചെന്നൈ: എലിവിഷം ശ്വസിച്ച് ചെന്നൈയില്‍ ഒരു വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് കുട്ടികള്‍ മരിച്ചു. ചെന്നൈ കുണ്ട്രത്തൂറിലാണ് സംഭവം. സായ് സുദര്‍ശന്‍ (1), വിശാലിനി (6) എന്നിവരാണ് മരിച്ചത്. മുറിയില്‍ എലിവിഷം സൂക്ഷിച്ചിരുന്നു. എസി ഓണാക്കി ഉറങ്ങാന്‍ കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് വിവരം.
ബാങ്ക് മാനേജരായ ഗിരിധരന്‍, വീട്ടില്‍ എലിശല്യം രൂക്ഷമായതോടെ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് വീട്ടിലെത്തിയ കമ്പനി ജീവനക്കാര്‍ എലിവിഷം പലയിടത്തായി പൊടിച്ചിട്ടിരുന്നു. രാത്രിയില്‍ എസി പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങിയ നാല് പേരേയും രാവിലെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന ഗിരിധരന്‍, പവിത്ര ദമ്പതികളും ചികിത്സയിലാണ്. തളര്‍ച്ചയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കളാണ് കുടുംബത്തെ ആശുപത്രിയിലെത്തിക്കുന്നത്. സായ് സുദര്‍ശനും സഹോദരി വിശാലിനിയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. പൗഡര്‍ രൂപത്തിലുള്ള എലിവിഷം എസി ഓണ്‍ ആക്കിയതോടെ അടച്ചിട്ട മുറിയിലാകെ പരക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ദരുള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സംഭവത്തില്‍ കമ്പനിക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കുട്ടികള്‍ മരിച്ചതോടെ കമ്പനി ഉടമ ഒളിവിലെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page