പൊട്ടിയോ വെടി | Narayanan Periya

നാരായണന്‍ പേരിയ

ആവര്‍ത്തിക്കട്ടെ: കണ്ടാലറിയാത്തവര്‍ കൊണ്ടാലറിയും എന്ന് പറയുന്നത് വെറുതെ. അത് എല്ലാവര്‍ക്കും ബാധകമല്ല. പ്രാണിവര്‍ഗത്തില്‍ അങ്ങനെയും ഉണ്ട് ഒന്ന്. വിശേഷബുദ്ധി ഉണ്ട് എന്ന് അഭിമാനിക്കുന്ന മനുഷ്യവര്‍ഗം.
തെളിവു തേടി മറ്റെവിടെയും പോകേണ്ട: നീലേശ്വരം വീരര്‍കാവില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മതി. ഇക്കഴിഞ്ഞ ഇരുപത്തെട്ടാം തീയതി അര്‍ധരാത്രിയോടെ അവിടെ ഒരു മഹാദുരന്തം സംഭവിച്ചു: ഉത്സവത്തിന് പൊട്ടിക്കാനായി സംഭരിച്ചുവച്ച പടക്കം പൊട്ടിത്തെറിച്ചു-ഉത്സവക്കമ്മിറ്റിക്കാര്‍ പൊട്ടിക്കാന്‍ നിശ്ചയിച്ച സമയത്തിനും മുമ്പെ. മൂവാളം കുഴി ചാമുണ്ഡിത്തെയ്യത്തിന്റെ വെള്ളാട്ട് പുറപ്പെടുന്ന നേരം ആരോ ഒരു പടക്കം പൊട്ടിച്ചു പോലും. അതില്‍ നിന്നും ഒരു തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തെറിച്ചുവീണു. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടതില്ലല്ലോ.
വെടിക്കെട്ട് നമ്മുടെ സംസ്ഥാനത്ത് പാടെ നിരോധിക്കപ്പെട്ടതല്ല. അനുവദനീയമാണ്, ചില നിബന്ധനകളോടെ. ആളുകള്‍ നില്‍ക്കുന്നേടത്തു നിന്നും അകലെ വെച്ചുവേണം പടക്കം പൊട്ടിക്കാന്‍. എത്ര അകലെ? അത് ഓരോ കാലത്ത് നിശ്ചയിക്കുന്നതാണ്. ഉപയോഗിക്കുന്ന സ്‌ഫോടകസാമഗ്രികളുടെ തീവ്രത-അതാണ് മാനദണ്ഡം നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം. അപ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് അതാണ്. വെടിമരുന്നിന്റെ സ്‌ഫോടനശേഷി. എത്ര ദൂരത്തേക്ക് പൊട്ടിത്തെറിക്കും? വിഷയത്തില്‍ പ്രായോഗിക ജ്ഞാനമുള്ള വിദഗ്ധരുടെ അഭിപ്രായം തേടും. അനുഭവജ്ഞാനമാണ് മുഖ്യം എല്ലാ രംഗത്തും. പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം- കഠോര കഠോരം എന്ന് പറയണം-എത്ര ദൂരത്തോളം മുഴങ്ങും? പ്രതിധ്വനിക്കും? ആ ദൂരയളവിനകത്ത് ആസ്പത്രികളുണ്ടാകാന്‍ പാടില്ല. അതായത്, ആസ്പത്രികളില്‍ നിന്നും അത്ര ദൂരത്തായിരിക്കണം വെടിക്കെട്ട് നടത്തുന്ന സ്ഥലം. ഇങ്ങനെ പലതും പരിഗണിക്കണം. സാമ്പിള്‍ വെടിക്കെട്ട് നടത്തിയാല്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി അറിയാന്‍ കഴിയുമോ? സംശയമാണ്. സ്‌ഫോടന മിശ്രിതം ചേര്‍ക്കുന്നതില്‍ വ്യത്യാസം വന്നാലോ? ഫലം മാറും.
ഇവിടെ നീലേശ്വരത്ത് ഇതൊന്നും നോക്കിയിട്ടില്ലെന്ന് പറയുന്നു. വെടിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കിയിട്ടേയില്ലെന്ന്. നിജസ്ഥിതി വ്യക്തമല്ല.
ഏതായാലും ഒരാശ്വാസം: നീലേശ്വരം വീരര്‍കാവില്‍ ആനയെഴുന്നള്ളത്ത് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു പതിവേ ഇല്ലത്രെ അവിടെ. അത് നന്നായി. മറ്റൊരു ദുരന്തം ഒഴിവായല്ലോ. വെടിയൊച്ച കേട്ടാല്‍ ആനകള്‍ വിരണ്ടോടും. ആഘോഷക്കാഴ്ചകളില്‍ മതിമറന്ന് നില്‍ക്കുന്ന കാണികള്‍ ഭയന്ന് നാലുപാടും ഓടും; മറിഞ്ഞു വീഴും, അവരില്‍ തട്ടി വീഴും പിന്നാലെ ഓടുന്നവര്‍. ‘മറ്റേത് ചെന്നിട്ട് മറ്റേതിന്മേല്‍ വീണു മറ്റതും മറ്റതും മറ്റതും ഭസ്മമായി’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് ഖാണ്ഡവവനം ദഹിപ്പിക്കുന്നതിനെപ്പറ്റി. ഇവിടെ ഭസ്മമാവുകയല്ല, ഞെരിഞ്ഞമരുകയാണ് സംഭവിക്കുക.
ആനയെഴുന്നള്ളത്ത് അനുപേക്ഷണീയമാണ് ചില ക്ഷേത്രങ്ങളില്‍. പരമ്പരാഗത ആചാരമാണത്രെ. അത് സംബന്ധിച്ചുമുണ്ട് നിയന്ത്രണച്ചട്ടങ്ങള്‍.
ഹൈക്കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍: എഴുന്നള്ളിക്കാനുള്ള ആനകളെ ഒരു ദിവസം 100 കിലോമീറ്ററിലധികം വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ പാടില്ല. ഒരു എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ 24 മണിക്കൂര്‍ കഴിഞ്ഞേ രണ്ടാമതൊരു എഴുന്നള്ളിപ്പിന് ഉപയോഗിക്കാവു. 24 മണിക്കൂര്‍ വിശ്രമം നല്‍കണം. ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ എങ്കിലും അകലം പാലിക്കണം. ആനയും ജനങ്ങളും തമ്മില്‍ 10 മീറ്ററെങ്കിലും അകലം വേണം. വെടിക്കെട്ടും ആനയും തമ്മില്‍ 100 മീറ്ററെങ്കിലും അകലം-എട്ടു മീറ്ററില്‍ കുറഞ്ഞ വീതിയുള്ള റോഡിലൂടെ എഴുന്നള്ളിപ്പ് അരുത്. മൂന്നിലധികം ആനകളുണ്ടെങ്കില്‍ ഒരു സര്‍ക്കാര്‍ വെറ്ററിനറി സര്‍ജന്‍ സേവനത്തിന്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ കോടതി എന്ത് പറഞ്ഞു എന്നറിയില്ല. നിയന്ത്രണച്ചട്ടങ്ങള്‍-അതും അലംഘനീയമല്ലല്ലോ നമ്മുടെ നാട്ടില്‍. നമ്മുടെ നിയമബോധം അങ്ങനെയാണ്. നിയമത്തിനുംമേലെ ഒന്നുണ്ട്: അത് ലംഘിക്കല്‍ എന്നൊരു ആപ്തവാക്യമുണ്ടല്ലോ. നിബന്ധനകളിലും നിയന്ത്രണങ്ങളിലും എന്തെങ്കിലും പഴുതുണ്ടോ എന്നന്വേഷിക്കാനാണ് നമുക്ക് താല്‍പര്യം; ഇല്ലെങ്കില്‍ ഉണ്ടാക്കും.
ഉത്സവത്തിനായിട്ടല്ലാതെ, അപൂര്‍വത്തില്‍ അപൂര്‍വമായ ഒരു ആനയെഴുന്നള്ളത്ത് -ഗജമേള- നടന്നു സാക്ഷാല്‍ ഇന്ദ്രപ്രസ്ഥമായ ന്യൂഡല്‍ഹിയില്‍. 1982ലെ ഏഷ്യാഡ് എന്ന കായിക മത്സരമേളയുടെ ഉദ്ഘാടന വേളയില്‍. കേരളത്തില്‍ നിന്നും 34 ആനകളും 316 അകമ്പടിക്കാരും ഉദ്യോഗസ്ഥരും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഒക്ടോബര്‍ 31ന്. തൃശ്ശൂരില്‍ നിന്നും യാത്രയയപ്പ്. മുഖ്യമന്ത്രി കരുണാകരന്‍ കൊടിവീശി. 3135 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് നവംബര്‍ 8ന് രാഷ്ട്ര തലസ്ഥാനത്തെത്തി. കൊടും തണുപ്പ്. മേള ഉദ്ഘാടനം കെങ്കേമമായി. പിന്നാലെ വിമര്‍ശനാസ്ത്രങ്ങള്‍ മുഖ്യമന്ത്രിക്കുനേരെ. ജന്തുക്കളോട് ക്രൂരത കാണിക്കാന്‍ പാടില്ല എന്ന് അനുശാസിക്കുന്ന നിയമം ലംഘിച്ചു. കഷ്ടിച്ച് ഒരു ചതുരശ്ര അടി സ്ഥലത്ത് ഏഴെട്ട് ദിവസം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്നത് മൂലം ആനകളുടെ കാലുകള്‍ നീര് വന്നു വീര്‍ത്തിരുന്നു. അത് പഴങ്കഥ.
നാട്ടിലേക്ക് മടങ്ങാം. ഉത്സവ സ്ഥലത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍, അതിന് ഉത്തരവാദികളാരെന്ന് അന്വേഷിക്കും. ജുഡീഷ്യല്‍ അന്വേഷണം. ഒരു റിട്ടയേര്‍ഡ് ജഡ്ജിന് പണിയായി. ആറുമാസത്തേക്ക് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അത് ഒരിക്കലും നടക്കാത്ത കാര്യം. നടന്നിട്ടില്ലാത്തതും. ആറുമാസമാണല്ലോ കാലാവധി. ആറു മാസം കഴിഞ്ഞാല്‍ വീണ്ടും നീട്ടും- ആറുമാസത്തേക്ക്. അങ്ങനെ എത്രവേണമെങ്കിലും നീട്ടാം. നീട്ടിയിട്ടുണ്ടല്ലോ-ബാബറി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട ജ. ലിബര്‍ഹാന്‍ കമ്മീഷന്‍-17 കൊല്ലമെടുത്തു അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍-48 പ്രാവശ്യം നീട്ടി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ഉത്തരവ്. എട്ടു കോടി രൂപ ഖജനാവില്‍ നിന്ന് ചെലവായി. കമ്മീഷന്റെ വേതനം, മറ്റു ചെലവുകള്‍.
റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലോ? കുറ്റവാളികളെന്ന് കണ്ടെത്തിയവരെ ശിക്ഷിക്കണമെങ്കില്‍ അതിന് നടപടിക്രമം വേറെയുണ്ട്. അപ്പോള്‍ വെറും പാഴ് വേലയല്ലേ ജുഡീഷ്യല്‍ അന്വേഷണം? പക്ഷേ, നമ്മുടെ രാഷ്ട്രീയക്കാര്‍ സമ്മതിക്കില്ല. സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കാന്‍ തന്നെ നേരമില്ല. അതുകൊണ്ട് വേറെ ആരെയെങ്കിലും നോക്കിക്കോളൂ എന്ന് ഹൈക്കോടതി. നീലേശ്വരം വെടിക്കെട്ട് കാര്യത്തില്‍ ഏത് റിട്ട.ജഡ്ജിനാണ് നറുക്ക് വീഴുക, ഭാഗ്യം തെളിയുക? കാത്തിരിക്കാം!
അതിനിടയില്‍ എവിടെയെല്ലാം വെടി പൊട്ടാം?
പൊട്ടിയോ വെടി?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page