പണം എത്തിയിട്ടുണ്ടെന്ന സംശയം; പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധന; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പൊലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പരിശോധനയ്ക്കിടെ സിപിഎം, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം അര്‍ധരാത്രിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലെത്തിയത്. കോണ്‍ഗ്രസ് വനിതാനേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലും പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയിലും പൊലീസ് പരിശോധനയ്ക്കെത്തി. ഹോട്ടലിലെ മൂന്ന് നിലകളിലെ വിവിധ മുറികളില്‍ പൊലീസ് കയറി പരിശോധിച്ചു.
പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഇതിനിടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.
പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനുമിടയില്‍ പുലര്‍ച്ചെ മൂന്ന് മണിവരെ ഹോട്ടലില്‍ പരിശോധന നീണ്ടു. ബിജെപി പ്രവര്‍ത്തകരുടെ മുറിയിലും പൊലീസ് പരിശോധന നടത്തി. അതേസമയം
കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പൊലീസെത്തിയത് സിപിഎം നിര്‍ദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. പൊലീസ് കള്ളം പറഞ്ഞുവെന്നും വ്യാജരേഖയുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിനും ബിജെപിക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതിനിടെ പാലക്കാട് യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പൊലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page