കൊച്ചി: മലയാള സിനിമയിലെ യുവ എഡിറ്റര്‍ നിഷാദ് യൂസഫി(43)നെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ നാലുമണിയോടെയാണ് സംഭവം. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു.
ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. നിരവധിഹിറ്റ് സിനിമകളുടെ എഡിറ്ററാണ് നിഷാദ് യൂസഫ്. ഹരിപ്പാട് സ്വദേശിയാണ്. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 എന്ന സിനിമയുടെയും എഡിറ്റര്‍ നിഷാദ് ആയിരുന്നു. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന് ജാവ, തല്ലുമാലതുടങ്ങിയവയാണ് ആ ഹിറ്റ് ചിത്രങ്ങള്‍. 2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ സ്പോട്ട് എഡിറ്ററായാണ് തുടക്കം. വിനയന്റെ രഘുവിന്റെ സ്വന്തം റസിയയിലൂടെ സ്വതന്ത്ര എഡിറ്ററായി. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.