കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യാപ്രേരണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാവും മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി ദിവ്യ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കീഴടങ്ങിയത്.പ്രാദേശിക പാര്‍ടിപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ ദിവ്യ കീഴടങ്ങിയത്. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയതിനു പിന്നാലെയായിരുന്നു കീഴടങ്ങല്‍. ദിവ്യയെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുള ആവശ്യപ്പെട്ടിരുന്നു.
രണ്ടാഴ്ച മുമ്പാണ് നവീന്‍ബാബു ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് കലക്ടറേറ്റിലെ സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കാതെ കയറിയ ദിവ്യ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് നവീന്‍ബാബുവിന്റെ ആത്മഹത്യയ്ക്കിടയാക്കിയത്.