മുളിയാര്‍-ചെമ്മനാട് പയസ്വിനി പാലം; ജനകീയ പ്രക്ഷോഭത്തില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: മുളിയാര്‍-ചെമ്മനാട് പയസ്വിനി പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും ബാവിക്കര ടൂറിസം പദ്ധതി പ്രവര്‍ത്തികമാക്കണമെന്നും ആവശ്യപ്പെട്ട് ആലൂര്‍ മുണ്ടക്കൈ റഗുലേറ്റര്‍ ഡാം പരിസരത്തു നടന്ന ജനകീയ പ്രക്ഷോഭം പ്രതിഷേധം ഇരമ്പി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും, നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പുഴയില്‍ തൂക്ക് പാലവും കടത്ത് തോണിയും നിലവിലില്ലാത്ത ഇവിടെ പുഴയിലിറങ്ങിയാണ് യാത്ര ആളുകള്‍ ചെയ്യുന്നത്. പുഴ വെള്ളത്തിലൂടെ ഇറങ്ങി നടന്നുള്ള ഈ യാത്ര അതീവ ദുസ്സഹവും അപകടം നിറഞ്ഞതുമാണ്. ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി ആലൂര്‍, മുണ്ടക്കൈയില്‍ നിന്നും മഹാലക്ഷ്മിപുരം ക്ഷേത്രത്തെ ബന്ധിപ്പിച്ചു കൊണ്ട് രണ്ട് വരി പാലം നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ പാലം യാഥാര്‍ത്ഥ്യമായാല്‍ മുളിയാര്‍, കാറഡുക്ക, ദേലംപാടി, ചെമനാട് തുടങ്ങിയ 4 പഞ്ചായത്തിലെയും ആയിരക്കണക്കിന് ജനങ്ങള്‍ക്ക് യാത്രാസൗകര്യം വളരെഎളുപ്പമാവും. മടിക്കേരി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ചെര്‍ക്കളയിലൂടെയുള്ള ചുറ്റിത്തിരിഞ്ഞ പാത ഒഴിവാക്കി നിര്‍ദിഷ്ട പാലത്തിലൂടെ ചട്ടഞ്ചാലിലെത്തി നാഷണല്‍ ഹൈവേ 66 ല്‍ കൂടി യാത്ര എളുപ്പമാകും. റെഗുലേറ്റര്‍ നിര്‍മ്മാണക്കാലത്ത് പാലം നിര്‍മ്മാണത്തിന് സാധ്യതാപഠനം നടത്തി അംഗീകാരം നല്‍കിയിരുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം ജനങ്ങള്‍ക്ക് മുമ്പില്‍ വന്ന് വാഗ്ദാനങ്ങള്‍ തന്ന് പോകുന്ന രീതി ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി രാഷ്ട്രീയക്കാരെ ഓര്‍മ്മിപ്പിച്ചു. ഈ പാലം അടിയന്തരമായി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എടി അബ്ദുല്ല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രമേശന്‍, എബി കുട്ടിയാനം, സുജിത്ത്, എടി കാദര്‍, കൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍, സൂരജ്, ഇസ്മായില്‍ ആലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ്, ശാസ്താ മുണ്ടക്കൈ, പയസ്വിനി മുണ്ടക്കൈ, പുനര്‍ജനി ആല്‍നടുക്കം, പള്ളി കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി, കുടുംബശ്രീ ഭാരവാഹികള്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page