ബറേലി: വീട്ടില്‍ ഐശ്വര്യം വരാന്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ ഉറ്റബന്ധുവും ഉപദേശം നല്‍കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവവും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖര്‍പൂര്‍ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്ധവിശ്വാസത്തേ തുടര്‍ന്ന് നടത്തിയ ക്രൂരമായ കൊലപാതകം പുറത്തുവന്നത്. ശനിയാഴ്ചയാണ് മിസ്റ്റി എന്ന നാലുവയസുകാരിയെ വീട്ടില്‍ നിന്നും കാണാതായത്. അയല്‍വീടുകളിലും ബന്ധുവീടുകളിലും കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്. ഇസത് നഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കുട്ടിയുടെ അമ്മായി സാവിത്രി എന്ന സ്ത്രീയുടെ പെരുമാറ്റത്തിലെ അസ്വഭാവികത സംശയത്തിനിടവരുത്തി. പരസ്പര വിരുദ്ധമായ മൊഴികളാണ് അവര്‍ പൊലീസിനു നല്‍കിയത്. പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിലാണ് കുഴല്‍ക്കിണറിന് സമീപത്ത് കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. അങ്ങനെ സാവിത്രിയെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തുവന്നു. സ്വയം പ്രഖ്യാപിത ആള്‍ ദൈവവും ബന്ധുവും ആയ ഗംഗാ റാമിന്റ നിര്‍ദ്ദേശം അനുസരിച്ചാണ് സാവിത്രി കൊലപാതകം നടത്തിയത്. ഐശ്വര്യം വരാനുള്ള മന്ത്രവാദ കര്‍മ്മങ്ങളുടെ ഭാഗമായിരുന്നു പിഞ്ചു കുഞ്ഞിന്റെ കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് വിശദമാക്കി. സാവിത്രിയേയും സ്വയം പ്രഖ്യാപിത ആള്‍ദൈവത്തേയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.