-പി പി ചെറിയാന്‍
ഹാരിസ്ബര്‍ഗ്(പെന്‍സില്‍വാനിയ): പെന്‍സില്‍വാനിയയില്‍ ദീപാവലി ആഘോഷം ഔദ്യോഗികമായി അംഗീകരിച്ചു. ദീപാവലി, തിഹാര്‍, ബന്ദി ചോര്‍ ദിവസ് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ദീപാവലി ഔദ്യോഗികമായി അംഗീകരിച്ചു കൊണ്ട് ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ ഇതു സംബന്ധിച്ച സെനറ്റ് ബില്ലില്‍ ഒപ്പുവച്ചത്.
‘ഈ ബില്ലില്‍ ഒപ്പിടുന്നതിലൂടെ, ദീപാവലിയുടെ പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല, സമ്പന്നമായ സാംസ്‌കാരിക പൈതൃകവും, പെന്‍സില്‍വാനിയയ്ക്ക് ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ നിരവധി സംഭാവനകളും ഞങ്ങള്‍ ആഘോഷിക്കുകയാണ്: ഗവര്‍ണര്‍ ഷാപിറോ പറഞ്ഞു. ”ദീപാവലി ഇരുട്ടിനു മേല്‍ വെളിച്ചം, അജ്ഞതയ്ക്കെതിരായ അറിവ്, നിരാശയ്ക്കെതിരായ പ്രതീക്ഷ എന്നിവയുടെ വിജയത്തിന്റെ പ്രതീകമാണ്. ഇവ നമ്മുടെ കോമണ്‍വെല്‍ത്തിനെ നയിക്കാന്‍ സഹായിക്കുന്ന മൂല്യങ്ങളാണ്. പെന്‍സില്‍വാനിയ അതിന്റെ വൈവിധ്യം കാരണം കൂടുതല്‍ ശക്തമാണ്, ഈ കോമണ്‍വെല്‍ത്തില്‍ നാം വിലമതിക്കുന്ന ഉള്‍പ്പെടുത്തലിന്റെയും ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും ശക്തമായ പ്രതിഫലനമാണ് ഈ പുതിയ സംസ്ഥാന അവധി. നമ്മുടെ സംസ്ഥാനത്തെ ഊര്‍ജസ്വലവും ചലനാത്മകവുമാക്കുന്ന പാരമ്പര്യങ്ങളെയും സംസ്‌കാരങ്ങളെയും ആദരിക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങള്‍ ഇന്ന് വീണ്ടും ഉറപ്പിക്കുന്നു.”
‘വിളക്കുകളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ദീപാവലി ദക്ഷിണേഷ്യന്‍ സംസ്‌കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണെന്നും ഗവര്‍ണര്‍ പറഞ്ഞു.