കാസര്‍കോട് നഗരമധ്യത്തിലെ കത്തിക്കുത്ത്; അക്രമി രക്ഷപ്പെട്ടത് സ്‌കൂട്ടറില്‍, അക്രമത്തിനു കാരണം സ്ത്രീ വിഷയമെന്ന് എഫ്.ഐ.ആര്‍

കാസര്‍കോട്: കാസര്‍കോട് നഗരമധ്യത്തിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കടന്നു കയറി ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം അക്രമി രക്ഷപ്പെട്ടത് സ്‌കൂട്ടറിലാണെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അക്രമിയെ തിരിച്ചറിയാന്‍ സ്‌കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് അക്രമസംഭവം അരങ്ങേറിയത്. ആശുപത്രിയിലെ റേഡിയോളജി വകുപ്പ് ജീവനക്കാരനായ ഉളിയത്തടുക്ക സ്വദേശി അബ്ദുല്‍ റസാഖ് (38) ആണ് അക്രമത്തിനു ഇരയായത്. ഇയാള്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആശുപത്രിയിലെത്തിയ അക്രമി അബ്ദുല്‍ റസാഖുമായി സംസാരിക്കുകയും കാര്‍ പാര്‍ക്കിംഗ് ഏരിയക്കു സമീപത്തെത്തിയപ്പോള്‍ പ്രകോപിതനാവുകയും കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്നു സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. നിലത്തേക്ക് മലര്‍ന്ന് വീണ് പ്രതിരോധം തീര്‍ത്തതിനാലാണ് വയറില്‍ കുത്തേല്‍ക്കാതെ രക്ഷപ്പെട്ടത്. തുടയിലും കാലിലുമാണ് കുത്തേറ്റത്.
ആള്‍ക്കാര്‍ ഓടിക്കൂടിയതോടെ അക്രമി ആശുപത്രിക്കു പുറത്തേക്കു ഓടുകയും അവിടെ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്രമിയെ തിരിച്ചറിയുന്നതിനു ആശുപത്രിയിലെയും സമീപത്തെയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.
സ്ത്രീ സംബന്ധമായ വിഷയമാണ് അക്രമത്തിനു ഇടയാക്കിയതെന്നു കാസര്‍കോട് ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page