വിമാനസര്‍വ്വീസുകള്‍ക്കു വ്യാജബോംബു ഭീഷണി; ഒരാഴ്ചക്കിടയില്‍ ഭീഷണി നേരിട്ടത് 35 വിമാനങ്ങള്‍ക്ക്; സമഗ്ര അന്വേഷണം

ന്യൂഡെല്‍ഹി: വിമാനങ്ങള്‍ക്കു നിരന്തരമുണ്ടാവുന്ന വ്യാജബോംബ് ഭീഷണി ആശങ്ക ഉയര്‍ത്തുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 35 വിമാനങ്ങള്‍ക്ക് ഇത്തരത്തില്‍ ഭീഷണി നേരിട്ടു. ഇവയില്‍ പല വിമാനങ്ങളും തിരിച്ചു വിടുകയോ സമീപ വിമാനത്താവളങ്ങളില്‍ നിലത്തിറക്കുകയോ ചെയ്തു. യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങിലേക്കു മാറ്റി വിമാനങ്ങള്‍ പരിശോധിക്കാനും വിമാനക്കമ്പനികള്‍ക്കു സാമ്പത്തിക നഷ്ടം നേരിട്ടു. യാത്രക്കാര്‍ക്കു സമയനഷ്ടവും ഉണ്ടായി.
24 മണിക്കൂറിനുള്ളില്‍ മൂന്നു വിമാനങ്ങള്‍ക്കു ബോംബ് ഭീഷണിയുണ്ടായി. ഇന്നു രാവിലെ പുറപ്പെടാനിരുന്ന ജയ്പൂര്‍-ദുബൈ വിമാനം ഭീഷണിയെത്തുടര്‍ന്നു പുറപ്പെടാന്‍ വൈകി. 6.10നു പുറപ്പെടേണ്ടിയിരുന്ന വിമാനം 7.45നാണ് ദുബൈയിലേക്കു പോയത്.
ഡല്‍ഹിയില്‍ നിന്നു ലണ്ടനിലേക്കു പോവുകയായിരുന്ന വിസ്താര വിമാനം ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ചുവിട്ടു. ബാഗ്‌ളൂരില്‍ നിന്നു മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ന്യൂഡെല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാനം ഇന്നലെ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കാനഡയിലെ ക്വാലൂറ്റ് വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടിരുന്നു. വ്യാജബോംബു ഭീഷണി മൂലം തങ്ങള്‍ക്കുണ്ടായ നഷ്ടം പ്രതികളില്‍ നിന്നു ഈടാക്കണമെന്നു വിമാനകമ്പനികള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രിയോടാവശ്യപ്പെട്ടു.
ഭീഷണികള്‍ക്കു പിന്നില്‍ ഗൂഢാലോചന കണ്ടെത്താനായിട്ടില്ലെന്നും എന്നാല്‍ ഭീഷണി ഉയര്‍ത്തിയവര്‍ പ്രായപൂര്‍ത്തിയാകാത്തവരും തമാശക്കു വേണ്ടി ബോംബു ഭീഷണി മുന്നറിയിപ്പു നടത്തിയവരുമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ സുരക്ഷാ വിഭാഗങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. വ്യാജഭീഷണികളെക്കുറിച്ചു സമഗ്ര അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page