ഇടപാടുകാരെന്ന വ്യാജേന ജ്വല്ലറിയിലെത്തി ഉടമയെ കബളിപ്പിച്ച് രണ്ട് സ്ത്രീകള്‍ 2.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കര്‍ണാടക കുന്താപുര ടൗണിലെ ജ്വല്ലറി ഉടമയാണ് തട്ടിപ്പിനിരയായത്. പഴയ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണം പൂശിയ ചെമ്പ് ആഭരങ്ങള്‍ നല്‍കുകയായിരുന്നു. വിശ്വസിച്ച ഉടമ പണം നല്‍കി തിരിച്ചയച്ചു. അല്‍പസമയത്തിന് ശേഷം സംശയം തോന്നി പരിശോധിച്ചപ്പോള്‍ ആഭരണങ്ങളില്‍ സ്വര്‍ണത്തിന്റെ അംശമില്ലെന്ന് വ്യക്തമായി. പുറത്തിറങ്ങി ഇടപാടിനെത്തിയ ആള്‍ക്കാരെ തെരഞ്ഞെങ്കിലും അവര്‍ രക്ഷപ്പെട്ടിരുന്നു. പണം തട്ടിയ സ്ത്രീകളുടെ ദൃശ്യം ജ്വല്ലറിയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഉടമ കുന്താപുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.







