മകള്‍ സെക്‌സ് റാക്കറ്റില്‍ കുടുങ്ങി; പണമയച്ചാല്‍ രക്ഷപ്പെടുത്താമെന്ന് വ്യാജ പൊലീസ്; ഫോണിലൂടെ വിളിവന്നതോടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

ഫോണ്‍ വഴിയുള്ള സന്ദേശത്തിലൂടെ പണം തട്ടിയെടുക്കുന്ന മാഫിയ രാജ്യത്ത് വ്യാപകമാകുന്നുവെന്ന് പൊലീസ്. പൊലീസ് അതിനെതിരെ വ്യാപകമായി പ്രചരണം നടത്തുന്നുണ്ടെങ്കിലും പലരും ഈ കെണികളില്‍ പെട്ടുപോവുകയാണ്. എന്നാല്‍ അത്തരമൊരു ഫോണ്‍കോള്‍ അധ്യാപികയുടെ ജീവനെടുത്തിരിക്കുകയാണ്. മകള്‍ സെക്‌സ് റാക്കറ്റില്‍പെട്ടെന്ന് തെറ്റായ കോള്‍ കേട്ട് പരിഭ്രാന്തയായ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു.
ആഗ്രയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപികയായ മാലതി വര്‍മ(58) ആണ് മരിച്ചത്. ഇവര്‍ക്ക് വാട്‌സ്അപ്പില്‍ ഒരു കോള്‍ വന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ പ്രൊഫൈലാക്കിയ ആളാണ് അധ്യാപികയെ വിളിച്ചത്. കോളേജില്‍ പഠിക്കുന്ന മകള്‍ സെക്‌സ് റാക്കറ്റില്‍ പെട്ടിട്ടുണ്ടെന്നും പൊലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇപ്പോള്‍ ഇടപെട്ടാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാമെന്നും അതിനായി താന്‍ പറയുന്ന അക്കൌണ്ടിലേക്ക് ഒരു ലക്ഷം രൂപയിട്ടാല്‍ മകള്‍ സുരക്ഷിതയായി വീട്ടിലെത്തുമെന്ന് വിളിച്ചയാള്‍ പറഞ്ഞു. സംഭവം കേസാകാതിരിക്കാനും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താതിരിക്കാനും മകള്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലായ കാര്യം പുറത്തറിയാതിരിക്കാനുമാണ് പണം നിക്ഷേപിക്കാന്‍ പറയുന്നതെന്നും വിളിച്ചയാള്‍ പറഞ്ഞു. കോള്‍ കേട്ടു പരിഭ്രാന്തയായ അധ്യാപിക മകന്‍ ദിപാന്‍ഷുവിനെ വിവരം അറിയിച്ചു. +92 ല്‍ തുടങ്ങുന്ന നമ്പര്‍ കണ്ടപ്പോഴേ ഇത് തട്ടിപ്പ് കോളാണെന്ന് മനസ്സിലാക്കിയ ദിപാന്‍ഷു, സഹോദരി പഠിക്കുന്ന കോളജില്‍ വിളിച്ച് അവള്‍ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി. തട്ടിപ്പ് കോളാണെന്നും മകള്‍ സുരക്ഷിതയാണെന്നും ആശ്വസിപ്പിച്ചിട്ടും മാതാവ് കോള്‍ വന്നതിന്റെ ആഘാതത്തിലായിരുന്നുവെന്ന് ദിപാന്‍ഷു പറയുന്നു. സ്‌കൂളില്‍ നിന്ന് തിരികെ വന്നതിന് പിന്നാലെ ബോധരഹിതയായ അധ്യാപികയെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബം പരാതി നല്‍കിയതെന്ന് അഡീഷണല്‍ പോലീസ് കമ്മീഷണര്‍ മായങ്ക് തിവാരി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി ആക്രമിച്ചു; അരലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി, കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page