ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം വന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ ഇനി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. സാങ്കേതിക നടപടികള്‍ മാത്രമേ ഇനി ബാക്കി ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍ അറിയിച്ചു. അതേസമയം മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലന്‍സും മൊബൈല്‍ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.
കര്‍ണാടക പൊലീസിലെ സിഐ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണ് അര്‍ജുനുമായെത്തുന്ന ആംബുലന്‍സിന്റെ സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ ആംബുലന്‍സിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുമതി കിട്ടിയാല്‍ കാര്‍വാര്‍ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.