ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി വ്യാഴാഴ്ച രാവിലെ 9 മണിയോടെ കരക്കെത്തിച്ചു. ലോറിക്കുള്ളില്‍ അര്‍ജുന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. ഷര്‍ട്ടും ബനിയനും അടക്കം അര്‍ജുന്റെ തന്നെയെന്ന് സഹോദരന്‍ സ്ഥിരീകരിച്ചു. ലോറിയില്‍ നിന്നും അസ്ഥികള്‍ ലഭിച്ചു. എല്ലിന്റെ ഭാഗം മംഗളൂരുവിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലോറിയില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നെടുത്ത സാംപിള്‍ ഹുബ്ലിയിലെ റീജണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഡിഎന്‍എ പരിശോധനാഫലം കിട്ടുന്ന മുറക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇനി ഈ ലോറിയില്‍ നിന്ന് അര്‍ജുന്റെ വസ്ത്രങ്ങളും മറ്റും ബന്ധുക്കള്‍ക്ക് കൈമാറണം. ശരീര ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ലോറിയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറിയിച്ചിരുന്നു. ഇനി കര്‍ണ്ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുക. ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അന്വേഷണത്തിലെ ഇഴച്ചില്‍ വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടായതിനും പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറാവുകയായിരുന്നു.