കൊച്ചി: നടി കവിയൂര്‍ പൊന്നമ്മയുടെ ആരോഗ്യ നില ഗുരുതരം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ് നടി കവിയൂര്‍ പൊന്നമ്മ. 79 വയസാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കവിയൂര്‍ പൊന്നമ്മയെ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ചികിത്സയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു കവിയൂര്‍ പൊന്നമ്മ. 1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയില്‍ ആണ് ആദ്യമായി കാമറക്കു മുമ്പില്‍ എത്തുന്നത്.
സത്യന്റെയും മധുവിന്റെയും അമ്മയായി പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്തെ മിക്ക പ്രമുഖ നടന്‍മാരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ വേഷമിട്ടിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റെ അമ്മയായുള്ള വേഷങ്ങളാണ് ഏറെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡുകള്‍ നാലുതവണ ലഭിച്ചിരുന്നു. കണ്ണാടിയാണ് ഒടുവില്‍ അഭിനയിച്ച സിനിമ.