യാത്രക്കിടെ 11 കാരിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യാത്രക്കാര്‍ ട്രെയിന്‍ ജീവനക്കാരനെ തല്ലിക്കൊന്നു

 

യാത്രക്കിടെ 11 കാരിയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് വീട്ടുകാരും സഹയാത്രികരും റെയില്‍വേ ഗ്രൂപ്പ് ഡി ജീവനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഹംസഫര്‍ എക്‌സ്പ്രസ് ട്രെനില്‍ വ്യാഴാഴ്ച പുലര്‍ച്ചേയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് കുമാര്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ഒരു സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാത്രി 11.30നാണ് പ്രശാന്ത് ട്രെയിനില്‍ കയറിയത്. 11 വയസുകാരിയായ ഒരു പെണ്‍കുട്ടി അപ്പോള്‍ അടുത്ത സീറ്റിലുണ്ടായിരുന്നു. യാത്രയ്ക്കിടെ പ്രശാന്ത് ഈ പെണ്‍കുട്ടിയെ തന്റെ സീറ്റില്‍ ഇരുത്തി. പിന്നീട് കുട്ടിയുടെ മാതാവ് ബാത്ത്‌റൂമില്‍ പോയ സമയത്ത് പ്രശാന്ത് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് ആരോപണം. മടങ്ങിവന്നപ്പോള്‍ പെണ്‍കുട്ടി അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കരയുകയും ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി എന്താണ് സംഭവിച്ചതെന്ന് വിവരിക്കുകയും ചെയ്തു. മാതാവ് ഉടനെ തന്നെ കുട്ടിയുടെ പിതിവിനെയും മറ്റ് ബന്ധുക്കളെയും വിവരം അറിയിച്ചു. ഇവര്‍ മറ്റൊരു കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ഐഷ്ബാഗ് സ്റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുടെ കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേര്‍ന്ന് യുവാവിനെ പിടികൂടി. ശേഷം കോച്ചിന്റെ ഡോറുകള്‍ക്ക് സമീപത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. ട്രെയിന്‍ കാണ്‍പൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുന്നത് വരെയുള്ള ഒന്നര മണിക്കൂറോളം സമയം മര്‍ദനം തുടര്‍ന്നു. പുലര്‍ച്ചെ 4.35ന് ട്രെയിന്‍ കാണ്‍പൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ലൈംഗിക പീഡനം ആരോപിച്ചും യുവാവിന്റെ ബന്ധുക്കള്‍ കൊലപാതകം ആരോപിച്ചും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുമാറിന്റെ കുടുംബം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് പരാതി നല്‍കി. കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നതു പോലെയുള്ള പ്രവൃത്തികള്‍ ചെയ്യുന്ന ആല്ല പ്രശാന്ത് എന്നും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page