ഒരു ലക്ഷം രൂപ പെട്ടിയില്‍ വച്ചാല്‍ 168 ദിവസം കൊണ്ട് രണ്ടു ലക്ഷമാകുമെന്ന് വിശ്വസിപ്പിച്ച് രണ്ടു കോടി രൂപ തട്ടി; മന്ത്രവാദിയും സഹായികളും പിടിയില്‍, തട്ടിപ്പിനു ഇരയായത് ഒരേ നാട്ടുകാരായ അറുപതോളം പേര്‍

ഒരു ലക്ഷം രൂപ പെട്ടിയില്‍ വച്ചാല്‍ 168 ദിവസം കൊണ്ട് രണ്ടു ലക്ഷം രൂപയാകുമെന്ന് വിശ്വസിപ്പിച്ച് രണ്ടു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ മന്ത്രവാദിയും രണ്ടു സഹായികളും പൊലീസ് പിടിയില്‍. ബംഗ്‌ളൂരു, വിജയനഗര്‍, ഹൊസബട്ടു, കല്ലഗയിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ജിതേന്ദ്രസിംഗ്, ഇയാളുടെ സഹായികളായ സുഖ്യ നായ്ക്, ശംഭുനായക് എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെട്ട സാമിനായക്, വെങ്ക്യനായക് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ജിതേന്ദ്രസിംഗ് ആണ് തട്ടിപ്പിന്റെ സൂത്രധാരനെന്നു പൊലീസ് പറഞ്ഞു. സഹായികളാണ് ഇരകളെ കണ്ടെത്തുന്നത്.രാത്രിയിലാണ് മന്ത്രവാദത്തിനായി ജിതേന്ദ്ര എത്തുക. എത്തിയാല്‍ മന്ത്രവാദിയും സഹായിയും വീട്ടുകാരും ഒരു മുറിക്കകത്തു കയറും. അടച്ചിട്ട മുറിയില്‍ മന്ത്രവാദം നടത്തിയ ശേഷം പണം പെട്ടിയില്‍ വയ്ക്കാന്‍ പറഞ്ഞ് വീട്ടുകാരെ മുറിയില്‍ നിന്നും തന്ത്രപൂര്‍വ്വം ഒഴിവാക്കും. ഈ സമയത്ത് പെട്ടിക്കകത്ത് വച്ച പണം കൈക്കലാക്കും. പെട്ടി പൂര്‍വ്വസ്ഥിതിയില്‍ പൂട്ടിയ ശേഷം വീട്ടുകാരെ വീണ്ടും അകത്തേക്ക് വിളിപ്പിക്കും. തുടര്‍ന്ന് ഏതാനും മന്ത്രങ്ങള്‍ ചൊല്ലിയ ശേഷം പണം വച്ച പെട്ടിയുടെ മുകളില്‍ പല നിറത്തിലുള്ള പൊടികള്‍ വിതറി മണി മുഴക്കും. പണം വച്ചയാളോട് ഭക്ത്യാദരപൂര്‍വ്വം പെട്ടിയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുവാന്‍ പറയും. ഇതോടെ മന്ത്രവാദം പൂര്‍ത്തിയാകും. 168 ദിവസം പെട്ടിയെ ഭക്ത്യാദരപൂര്‍വ്വം വന്ദിക്കണമെന്നും പറഞ്ഞ ദിവസം പൂര്‍ത്തിയാകുന്ന ദിവസം അര്‍ധരാത്രിയോടെ ദീപം കത്തിച്ച ശേഷം തുറന്നു നോക്കണമെന്നും അപ്പോള്‍ പണം ഇരട്ടിച്ചതു കാണാമെന്നും പറഞ്ഞാണ് മന്ത്രവാദിയും സംഘവും മടങ്ങുക. മന്ത്രവാദത്തിനുള്ള പ്രതിഫലം പണം ഇരട്ടിപ്പിക്കപ്പെട്ടത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നു പറഞ്ഞാണ് സംഘം മുങ്ങുന്നത്. ഇത്തരത്തില്‍ ഒരേ പ്രദേശത്തുള്ള 60ല്‍പ്പരം പേരില്‍ നിന്നാണ് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. സംഘത്തിന്റെ നീക്കത്തില്‍ സംശയം തോന്നിയ ചിലര്‍ പൊലീസിനു രഹസ്യവിവരം നല്‍കിയതോടെ നടത്തിയ അന്വേഷണത്തിലാണ് മന്ത്രവാദിയും സംഘവും പിടിയിലായത്. അറസ്റ്റിലായവരില്‍ നിന്നു 35 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ഓടിപ്പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page