തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത് സ്വന്തം നിലയ്ക്കല്ലെന്നു പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ആരോപണങ്ങള്‍ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ പോരാട്ടം തുടങ്ങിയിട്ടേയുള്ളു. താന്‍ ആര്‍ക്കും കീഴടങ്ങിയിട്ടില്ല. ദൈവത്തിനും പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങുകയുള്ളു-അന്‍വര്‍ വ്യക്തമാക്കി.
പരാതികളില്‍ തനിക്ക് ഒരു ഉറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.ഡി.ജി.പിയെ മാറ്റേണ്ടത് താനല്ല. അദ്ദേഹം ചുമതലയില്‍ തുടരുമ്പോള്‍ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്ന ചോദ്യം തന്നെയാണ് തനിക്കുമുള്ളത്. എം.വി ഗോവിന്ദന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം താന്‍ മറുപടിയും നല്‍കി-അന്‍വര്‍ പറഞ്ഞു. അതേ സമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരായ പി.വി അന്‍വറിന്റെ പരാതി സിപിഎം അന്വേഷിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്വേഷണം പ്രഖ്യാപിക്കുക. അതേ സമയം ഏത് അന്വേഷണത്തേയും ഭയക്കുന്നില്ലെന്നു പി. ശശി വ്യക്തമാക്കി. എസ്.എഫ്.ഐ സെക്രട്ടറിയായ കാലഘട്ടം മുതല്‍ തന്നെ വേട്ടയാടുകയാണ്. സര്‍വ്വാധികാരി മനോഭാവം തനിക്കില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.