കണ്ണൂര്‍: മയിലിനെ കൊന്ന് കറി വച്ച് കഴിച്ചയാള്‍ ജയിലില്‍. തളിപ്പറമ്പിലെ തോമസിനെയാണ് റെയ്ഞ്ച് ഓഫീസര്‍ പി. രതീശനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്കാണ് തോമസിന്റെ വീട്ടിനു മുന്നില്‍ മയില്‍ എത്തിയത്. കാലിനു പരിക്കേറ്റതിനാല്‍ മയിലിന് നടക്കാന്‍ പ്രയാസം ഉണ്ടായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ തോമസ് മരക്കൊമ്പ് കൊണ്ട് എറിഞ്ഞുവീഴ്ത്തി കൊല്ലുകയായിരുന്നു. ഇറച്ചി എടുത്ത ശേഷം അവശിഷ്ടങ്ങള്‍ ഉപയോഗ ശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു. ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റകൃത്യമാണ്.
