കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു തട്ടിയെടുത്ത 160 ഗ്രാം സ്വര്‍ണ്ണം കൂടി പിടിച്ചെടുത്തു. പെരിയയിലെ ഒരു സൊസൈറ്റിയില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണമാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. കാറഡുക്കയില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് 63 പവന്‍ സ്വര്‍ണ്ണം പെരിയയിലെ ഒരു ബാങ്കില്‍ പണയപ്പെടുത്തിയിട്ടുളളതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്വര്‍ണ്ണം പിടിച്ചെടുക്കാനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
മെയ് 14ന് ആണ് കാറഡുക്ക സൊസൈറ്റിയില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച വിവരം ആദ്യമായി പുറത്തു വന്നത്. ആദ്യം ആദൂര്‍ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് നിലവില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷിക്കുന്നത്.
നാട്ടില്‍ വലിയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ് മാത്രമാണ് ഇപ്പോള്‍ റിമാന്റില്‍ കഴിയുന്നത്. സൊസൈറ്റി സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു രതീഷ്.
മറ്റു പ്രതികളായ ബേക്കല്‍ ഹദ്ദാദ് നഗറിലെ മുഹമ്മദ് ബഷീര്‍, ഇയാളുടെ ഡ്രൈവര്‍ അമ്പലത്തറ, ഏഴാം മൈലിലെ അബ്ദുല്‍ ഗഫൂര്‍, പയ്യന്നൂരില്‍ താമസക്കാരനായ കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട്, അരക്കിണര്‍ സ്വദേശി നബീല്‍, നെല്ലിക്കാട്ടെ അനില്‍ കുമാര്‍ എന്നിവര്‍ക്കു ജാമ്യം ലഭിച്ചു.