ഇന്‍ഷൂറന്‍സ് തുക തട്ടാന്‍ സുകുമാരക്കുറുപ്പ് മോഡലില്‍ കൊലപാതകം; വ്യവസായി അറസ്റ്റില്‍, ഭാര്യയെ തെരയുന്നു

ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുന്നതിന് സുകുമാരക്കുറുപ്പ് മോഡലില്‍ കൊലപാതകം നടത്തിയ വ്യവസായി അറസ്റ്റില്‍. ബംഗ്ളൂരു, സിംലക്കട്ടയിലെ വ്യവസായി മുനിസ്വാമി ഗൗഡയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൂട്ടുപ്രതിയായ ഭാര്യ ശില്‍പ റാണിയെ തെരയുന്നു. കൊലപാതകത്തില്‍ നേരിട്ടു ബന്ധമുള്ള മറ്റു അഞ്ചുപേരെയും പൊലീസ് പിടികൂടി.
കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനായ സുകുമാരക്കുറുപ്പ് നടത്തിയ രീതിയിലാണ് മുനിസ്വാമിഗൗഡ കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. ഇന്‍ഷൂറന്‍സ് തുക തട്ടാന്‍ താനുമായി രൂപ സാദൃശ്യമുള്ള ചാക്കോ എന്നയാളെ 1984 ജനുവരി 22ന് ആലപ്പുഴയില്‍ വെച്ച് സുകുമാരക്കുറുപ്പ് കാറിനുള്ളില്‍ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സുകുമാരക്കുറുപ്പിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
സമാനരീതിയിലാണ് മുനിസ്വാമി ഗൗഡയും ഭാര്യ ശില്‍പ റാണിയും കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. രണ്ടു കോടി രൂപയുടെ ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
മുനിസ്വാമിയുടെ രൂപ സാദൃശ്യമുള്ളയാളെ കൊലപ്പെടുത്തിയ ശേഷം ലോറിയിടിച്ചുള്ള അപകടമെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു പദ്ധതി.
തന്റെ രൂപ സാദൃശ്യമുള്ളയാളെ ഹൊസകോട്ടയില്‍ കണ്ടെത്തിയ മുനിസ്വാമി തന്ത്രപൂര്‍വ്വമാണ് അയാളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. അതിനു മുമ്പ് ഒരു ലോറി ഡ്രൈവര്‍ക്ക് ക്വട്ടേഷനും നല്‍കി. മുനിസ്വാമിയും അപരനും സഞ്ചരിച്ചിരുന്ന കാറിനെ ലോറി പിന്തുടര്‍ന്നു. രാത്രി ഗൊല്ലരഹൊസഹള്ളിയെന്ന വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ കേടായെന്നു പറഞ്ഞു മുനിസ്വാമി പുറത്തിറങ്ങി. പിന്നാലെ അപരനും ഇറങ്ങി. ടയര്‍മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ മുനിസ്വാമി അപരന്റെ കഴുത്തില്‍ കയര്‍ കുരുക്കി മരണം ഉറപ്പാക്കി. സിഗ്‌നല്‍ ലഭിച്ചതു പ്രകാരം ക്വട്ടേഷന്‍ സംഘം കൊല്ലപ്പെട്ടയാളുടെ ദേഹത്തു കൂടി ലോറി കയറ്റിയിറക്കി. ഇതിനുശോഷം മുനിസ്വാമി ഗൗഡ ഒളിവില്‍ പോയി. തന്റെ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചുവെന്നു ഭാര്യ ശില്‍പറാണി തെറ്റിദ്ധരിപ്പിച്ചു. സംസ്‌കാര ചടങ്ങിനെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സംശയമാണ് ആള്‍മാറാട്ടക്കൊലപാതത്തിന്റെ ചുരുളഴിച്ചത്. മുനിസ്വാമി ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ച ശേഷം അന്വേഷണം ആരംഭിച്ചു. പിന്നീട് ബംഗ്ളൂരുവില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page