കാറഡുക്ക സൊസൈറ്റിയിലെ തട്ടിപ്പ്; തട്ടിയെടുത്ത സ്വര്‍ണ്ണം മാണിക്കോത്ത് പണയം വച്ച നിലയിൽ  

 

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് സഹകരണ സംഘത്തില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ നിന്ന് ഒരു ഭാഗം കാഞ്ഞങ്ങാട്, മാണിക്കോത്തെ ഒരു സ്ഥാപനത്തില്‍ പണയപ്പെടുത്തിയ നിലയിൽ കണ്ടെടുത്തു. കോട്ടച്ചേരി സഹകരണ ബാങ്കിന്റെ മാണിക്കോത്ത് ശാഖയിൽ പണയം വച്ച 106 ഗ്രാം സ്വര്‍ണ്ണമാണ് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബാങ്കിൽ നിന്നു കണ്ടെടുത്തത്. കേസില്‍ ആദ്യം അറസ്റ്റിലായ അതിയാമ്പൂര്‍ സ്വദേശിയാണ് കാറഡുക്ക സംഘത്തില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണ പണയപ്പെടുത്തിയത്. ഇയാൾ റിമാന്റിൽ കഴിയവെ നടത്തിയ ചോദ്യം ചെയ്യലിലാണ് 106 ഗ്രാം മാണിക്കോത്ത് പണയപ്പെടുത്തിയതായുളള വിവരം അന്വേഷണ സംഘത്തിനു ലഭിച്ചത്. കാറഡുക്ക സംഘത്തിലെ സെക്രട്ടറിയായിരുന്ന മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ. രതീശന്‍ ആണ് സൊസൈറ്റിയില്‍ പണയപ്പെടുത്തിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മറ്റു പ്രതികള്‍ക്കു കൈമാറിയതെന്നാണ് കേസ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന തട്ടിപ്പ് സംഭവത്തില്‍ ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീടാണ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. അതേസമയം കാറഡുക്ക തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ അന്വേഷണ സംഘത്തിനുമേൽ സമ്മർദ്ദം ഉള്ളതായും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page