ബസ് യാത്രക്കാരെ മുഴുവന്‍ സംശയമുനയില്‍ നിറുത്തി; ഒടുവില്‍ യഥാര്‍ത്ഥ കഞ്ചാവു കടത്തുകാരനെ പൊലീസ് തൂക്കി

കാസര്‍കോട്: ബസ് യാത്രക്കാരെ മുഴുവന്‍ സംശയത്തിന്റെ മുനയിലാക്കിയ കഞ്ചാവു കടത്തുകാരന്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, കല്ലൂരാവിയിലെ അഷ്‌റഫി(32)നെയാണ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇയാളുടെ ബാഗില്‍ നിന്നു 850 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൈസൂരില്‍ നിന്നാണ് കഞ്ചാവ് വാങ്ങിച്ചതെന്നാണ് അഷ്‌റഫ് പൊലീസിനു നല്‍കിയ മൊഴി.
വ്യാഴാഴ്ച വൈകുന്നേരം 3.30 മണിയോടെയാണ് കാസര്‍കോട് നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു കഞ്ചാവു സൂക്ഷിച്ച ബാഗ് പിടികൂടിയത്. ഇതിലേക്ക് നയിച്ച കഥയിങ്ങനെ-‘ബസില്‍ ഭണ്ഡാരമോഷ്ടാവ് സഞ്ചരിക്കുന്നുണ്ടെന്നു പൊലീസിനു രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് ചട്ടഞ്ചാല്‍ ദേശീയ പാതയിലുള്ള മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ബസിനകത്തു നടത്തിയ പരിശോധനയില്‍ ഭണ്ഡാര മോഷ്ടാവിനെ കണ്ടെത്താനായില്ല. എന്നാല്‍ ബസിന്റെ കാരിയറില്‍ ചുവന്ന നിറത്തിലുള്ള ഒരു ബാഗ് ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ടു. തുറന്നു നോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ബാഗിനു ഉടമസ്ഥന്‍ ഇല്ലാത്തതിനാല്‍ ബസിലെ യാത്രക്കാരായി ഉണ്ടായിരുന്ന ഭരണകക്ഷി നേതാവ് ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോകളും മേല്‍വിലാസവും ഫോണ്‍ നമ്പരുകളും പൊലീസ് ശേഖരിച്ചു.
ഇത്രയും നടപടി പൂര്‍ത്തിയാക്കാന്‍ അരമണിക്കൂറിലേറെ നേരം വേണ്ടി വന്നു. അതിനുശേഷം ഈ സമയത്തൊക്കെ സീറ്റില്‍ അമര്‍ന്നിരുന്ന യാത്രക്കാരനായ അഷ്‌റഫിനെ ചോദ്യം ചെയ്തു. പത്ര ഏജന്റാണെന്നും കല്ലൂരാവി സ്വദേശിയാണെന്നും പറഞ്ഞു. എന്നാല്‍ കല്ലൂരാവിയിലേയ്ക്ക് പോകേണ്ട അഷ്‌റഫ് ടിക്കറ്റെടുത്തത് നീലേശ്വരത്തേക്കായിരുന്നു. ഇതു സംശയത്തിനിടയാക്കി. തുടര്‍ന്ന് അഷ്‌റഫിനെ തൂക്കിയെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് കഞ്ചാവിന്റെ ഉടമസ്ഥനാണെന്നു വ്യക്തമായത്. ആദ്യമായിട്ടാണ് കഞ്ചാവ് ഇടപാട് നടത്തുന്നതെന്നാണ് ഇയാള്‍ പൊലീസിനു നല്‍കിയ മൊഴി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page