ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച് സ്വപ്നില്‍ കുസാലെ; പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍

 

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടി സ്വപ്നില്‍ കുസാലെ. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്. ആദ്യ പത്ത് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ താരം ആറാമതായിരുന്നു. 15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നില്‍ അവസാന റൗണ്ടിലാണ് 451.4 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 463.6 പോയന്റ് നേടിയ ചൈനയുടെ വൈ കെ ലിയൂ സ്വര്‍ണവും 461.3 പോയന്റ് നേടിയ യുക്രൈനിന്റെ എസ് കുലിഷ് വെള്ളിയും നേടി. നേരത്തെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തില്‍ മനു ഭാക്കറും ടീം ഇനത്തില്‍ മനുഭാക്കര്‍-സരബ്‌ജോത് സിംഗും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.
1995 ഓഗസ്റ്റ് 6ന് പൂനെയിലെ കാര്‍ഷിക കുടുംബത്തിലാണ് സ്വപ്നില്‍ ജനിച്ചത്. 2009 ല്‍ പിതാവ് മഹാരാഷ്ട്രയിലെ കായിക പ്രബോധിനി എന്ന പ്രാഥമിക കായിക പരിപാടിയില്‍ ചേര്‍ത്തതോടെയാണ് സ്വപ്നിലിന്റെ ഷൂട്ടിങ്ങിലേക്കുള്ള യാത്ര ആരംഭിച്ചത്. ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിന് ശേഷം സ്വപ്നില്‍ തന്റെ വഴി ഷൂട്ടിംഗ് തന്നെയാണെന്ന് തീരുമാനിക്കുകയായിരുന്നു. 2013 ല്‍ ലക്ഷ്യ സ്പോര്‍ട്സില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചു. 2015 ല്‍ കുവൈത്തില്‍ നടന്ന ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ 3 ഇനത്തില്‍ താരം സ്വര്‍ണം നേടിയിരുന്നു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page