ഒരു കാക്കക്കഥ

അറുപത് വര്‍ഷം മുമ്പ് ഞാന്‍ നേരിട്ട് കണ്ട ഒരു കാക്കക്കഥ. ഒരു ദിവസം ഉച്ച സമയത്ത് വീടിനടുത്തുള്ള പറങ്കിമാവിന്‍ ചുവട്ടില്‍ കശുമാങ്ങ കൊത്തിത്തിന്നുകൊണ്ടിരുന്ന കാക്കയെ കണ്ടപ്പോഴാണ് ഓര്‍മ്മ ഓടിയെത്തിയത്. അറുപത് കൊല്ലങ്ങള്‍ക്കു മുമ്പായിരുന്നു സംഭവം. ഓലാട്ട് എ.യു.പി.സ്‌കൂളില്‍ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിലേക്ക് നടന്നു പോവുന്ന വഴിയിലെ കാഴ്ചകള്‍ എന്നും മനസ്സില്‍ തങ്ങി നില്‍ക്കും. എന്റെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോവുന്ന വഴിക്ക് വലിയൊരു പറമ്പുണ്ട്. കാരിക്കുട്ടി മൂസോറുടെ പറമ്പ് എന്നാണ് ആ പറമ്പിനെ ഞങ്ങള്‍ പറയാറ്. തോട്ടത്തിലെ കാരിക്കുട്ടി നാട്ടിലെ വലിയ ഭൂസ്വത്തിന്റെ ഉടമയായിരുന്നു.
ആ വലിയ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്ത് അടുത്തടുത്ത് മൂന്ന് ഓല മേഞ്ഞ വീടുണ്ടായിരുന്നു.
നങ്കന്‍ രാമന്‍, തവളച്ചന്തു, കറുത്ത കണ്ണന്‍ എന്നിവരുടെ വീടുകളായിരുന്നു അത്. സ്‌കൂളില്‍ പോകുമ്പോള്‍ ആ വീടുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെയും കൂട്ടിയാണ് ഞങ്ങള്‍ പോവുക. ഇതില്‍ കറുത്ത കണ്ണന്‍ സ്ഥിരം വയറു വേദനക്കാരനാണ്. കറുത്ത് മെലിഞ്ഞ രൂപം. മുട്ടോളമെത്തുന്ന ഒറ്റമുണ്ടാണ് വേഷം. എന്നും ഇടതു കൈ കൊണ്ട് വയര്‍ അമര്‍ത്തിപ്പിടിച്ചാണ് നടത്തം. മുഖത്ത് വേദന സ്ഫുരിക്കുന്നത് കാണാം. എന്താണ് രോഗമെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്ത കാലമായിരുന്നു അത്. കറുത്ത കണ്ണന്‍ എപ്പോഴും രാവിലെയും വൈകുന്നേരവും കൂക്കാനത്തുള്ള മാമന്റെ പീടികയിലേക്ക് വരും.
മാമന് വിവിധതരം പക്ഷികള്‍, അണ്ണാന്‍, എന്നിവയെ പിടിക്കാനുള്ള സൂത്രവിദ്യകള്‍ അറിയാം. പിടിച്ച് അവയെ വളര്‍ത്തുകയും ചെയ്യും. അരിപ്രാവ്, തത്ത എന്നീ പക്ഷികളെയും, അണ്ണാനെയും വളര്‍ത്തി അവയെ വരുതിയിലാക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ച ആളാണ് സുലൈമാന്‍ മാമന്‍.
കാക്കയെ പിടിക്കാനും മാമന്‍ സമര്‍ത്ഥനാണ്. ടങ്കീസ് ഉപയോഗിച്ച് വല പോലെ കെട്ടി കാക്കകള്‍ വന്നിരിക്കുന്നിടത്ത് വിരിച്ചു വെക്കും. ടങ്കീസ് ആണി തറച്ച് ഉറപ്പിച്ച് കെട്ടിയിട്ടുണ്ടാവും. എന്തെങ്കിലും ധാന്യങ്ങളോ മറ്റോ വലക്കകത്ത് വിതറിയിട്ടുണ്ടാവും.
കാക്ക കൂട്ടത്തോടെ പാറി വലയ്ക്കകത്ത് വന്നിരിക്കും. പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ കാക്കയുടെ കാല് ടങ്കീസ് വലയില്‍ കുടുങ്ങും. ഒന്നോ രണ്ടോ കാക്കകള്‍ കുടുങ്ങിക്കിടക്കും.
ഈ കാക്കയെ കിട്ടുമോ എന്ന് നോക്കാനാണ് കറുത്ത കണ്ണന്‍ പീടികയിലേക്ക് വരുന്നത്.
വയറു വേദനക്ക് സമാധാനം കിട്ടാന്‍ കാക്കയിറച്ചി നല്ലതാണ് പോലും. വലയില്‍ കുടുങ്ങിയ കാക്കയെ കറുത്ത കണ്ണന്‍ പിടിക്കും. കാക്കകളൊക്കെ ബഹളം വെക്കും. അതൊന്നും കറുത്ത കണ്ണന് പ്രശ്‌നമല്ല. ഒരു ചിരട്ടയെടുത്ത് കമഴ്ത്തി കാക്കയുടെ കഴുത്തില്‍ അമര്‍ത്തി വെച്ച് ചവിട്ടും. കാക്കയുടെ പണി കഴിയും. അതിനെയും എടുത്ത് കറുത്ത കണ്ണന്‍ സന്തോഷത്തോടെ വീട്ടിലേക്ക് പോകും. ആഴ്ചയില്‍ ഒന്നോ രണ്ടോ കാക്കയെ മാമന്‍ പിടിച്ചു കൊടുക്കും. അതിന്റെ മാംസം തിന്നാല്‍ വയറു വേദന ശമിക്കുമെന്നാണ് കറുത്ത കണ്ണന്‍ പറയുന്നത്.
ഇന്ന് ഈ പറയുന്ന നങ്കന്‍ രാമനും തവളച്ചന്തുവും കറുത്ത കണ്ണനും ജീവിച്ചിരിപ്പില്ല. അവിടെ അവരുടെ വീടുകളുമില്ല. അവരുടെ മക്കളൊക്കെ ഉയര്‍ന്ന സാമ്പത്തിക നിലവാരത്തിലെത്തി. ഏതെല്ലാമോ പ്രദേശങ്ങളില്‍ ജീവിച്ചു വരുന്നു.
എങ്കിലും കറുത്ത കണ്ണനെയും അദ്ദേഹത്തിന്റെ വയറു വേദന അകറ്റിയ കറുത്ത കാക്കയെയും മറക്കാന്‍ പറ്റുന്നില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page