യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; ജോ ബൈഡൻ പിന്മാറി; കമല ഹാരിസ് സ്ഥാനാർത്ഥിയായേക്കും

 

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പിന്‍മാറി. രാജ്യത്തിന്‍റെയും പാര്‍ട്ടിയുടേയും താല്‍പര്യം നിലനിര്‍ത്തിയാണ് തീരുമാനമെന്ന് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ഡെമോക്രാറ്റിക് നേതാവുകൂടിയായ ബൈഡന്‍ വ്യക്തമാക്കി. അതോടൊപ്പം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി കമല ഹാരിസിനെ നിർദേശിച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായി കമലയെ പിന്തുണയ്‌ക്കുന്നുവെന്ന് ബൈഡൻ എക്‌സിലൂടെ അറിയിച്ചു. കമല ഹാരിസിന്‍റെ ചിത്രം പങ്കുവച്ചായിരുന്നു ബൈഡന്റെ പിന്തുണ. നിലവിലെ യുഎസ് വൈസ് പ്രസിഡന്റ് കൂടിയായ കമലാ ഹാരിസ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയാകും. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് ബൈഡൻ കമല ഹാരിസിന്റെ പേര് നിർദേശിച്ചത്. ബൈഡൻ തന്നെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതിൽ സന്തോഷമുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമലാ ഹാരിസ് പ്രതികരിച്ചു. എണ്‍പത്തൊന്നാം വയസിലെ മോശം ആരോഗ്യാവസ്ഥ, സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനോടേറ്റുമുട്ടിയുള്ള തോല്‍‌വി, വധശ്രമത്തെ അതിജീവിച്ചതോടെ ഓരോ ദിവസവും കുതിച്ചുയരുന്ന ട്രംപിന്‍റെ ജനപ്രീതി, സാഹചര്യങ്ങളെല്ലാം പ്രതികൂലമായതോടെ ഇനിയൊരങ്കത്തിനില്ലെന്ന് വ്യക്തമാക്കി ജോ ബൈഡന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞത്. അതേസമയം യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മല്‍സരത്തില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറണമെന്ന് പാര്‍ട്ടിക്കകത്തും പുറത്തും കടുത്ത സമ്മര്‍ദ്ദമുയര്‍ന്നിരുന്നു.
ബൈഡന്‍ സ്ഥാനാര്‍ഥിത്വം ഒഴിയണമെന്ന് മുന്‍ പ്രസി‍ഡന്റ് ബറാക് ഒബാമ പോലും ആവശ്യമുന്നയിച്ചതോടെയാണ് ഒഴിയാന്‍ ബൈഡന്‍ നിര്‍ബന്ധിതനായത്. കോവിഡ് കാരണം വിശ്രമത്തില്‍ തുടരുന്ന ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസിനടക്കം നന്ദി പറഞ്ഞുകൊണ്ടാണ് യു.എസ് ജനതയെ അഭിസംബോധന ചെയ്ത കത്ത് പുറത്തുവിട്ടത്. അതേസമയം, ട്രംപിനോടേറ്റുമുട്ടാന്‍ ആരുവരുമെന്ന കാര്യത്തില്‍ ഡെമോക്രാറ്റുകള്‍ക്കിടയില്‍ അന്തിമതീരുമാനമെത്തിയിട്ടില്ല.
സ്ഥാനാര്‍ഥിയാകാനില്ലെന്ന് നേരത്തേ വ്യക്തമാക്കിയ മിഷേല്‍ ഒബാമയുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. അടുത്തമാസം പത്തൊന്‍പതിന് ഷിക്കാഗോയില്‍ ആരംഭിക്കുന്ന ഡെമോക്രാറ്റ് കണ്‍വെന്‍ഷനിലാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page