കാസര്‍കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പിതാവിനെയും മകനെയും ആശുപത്രിയിലെത്തിച്ച യുവാക്കള്‍ക്ക് നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പൊലീസിന്റെ ആദരം. നീലേശ്വരം, ആലിങ്കീഴിലെ സി. വിഷ്ണുപ്രസാദ്, പി.വി പ്രണവ്, പ്രശോഭ്, അരുണ്‍, കെ. ജിക്കു, പി.വി വിഷ്ണു എന്നിവരെയാണ് ആദരിച്ചത്. ജുലൈ എട്ടിന് അര്‍ധരാത്രിയോടെ പള്ളിക്കര മേല്‍പ്പാലത്തിലാണ് അപകടം ഉണ്ടായത്. മംഗ്‌ളൂരുവിലെ മരണ വീട്ടില്‍ പോയി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരിട്ടി സ്വദേശിയായ ഹുസൈന്‍ കുട്ടി, മകന്‍ ഫൈസല്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഹുസൈന്‍കുട്ടി മരണപ്പെട്ടിരുന്നു. അപകടസ്ഥലത്തു കൂടി നിരവധി വാഹനങ്ങള്‍ കടന്നുപോയെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല. റോഡില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്ന ബാപ്പയേയും മകനെയും യുവാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കയറ്റി തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അനുമോദന ചടങ്ങില്‍ നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ എം.വി. വിഷ്ണുപ്രസാദ് ആറു യുവാക്കളെയും പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.ഐ. കെ.വി രമേശന്‍, അസി.എസ്.ഐ യു.കെ സരള, ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ.വി പ്രദീപന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കെ.പി രമേശന്‍ സംസാരിച്ചു. ശിശു സൗഹൃദ പൊലീസ് ഓഫീസര്‍ പ്രദീപ് കെ.വി ആധ്യക്ഷം വഹിച്ചു.
