പാലക്കാട്: വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കുന്നതിന് വീട്ടിലുള്ള സ്വര്‍ണ്ണം മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് സ്ഥലം വിട്ട സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് തെക്കുംകരയിലെ റഫീഖ് മൗലവിയെയാണ് അറസ്റ്റ് ചെയ്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്.
ഫേസ് ബുക്ക് വഴിയാണ് വീട്ടമ്മ സിദ്ധനുമായി പരിചയത്തിലായത്. സിദ്ധന്റെ വീരസാഹസിക കൃത്യങ്ങള്‍, സിദ്ധനില്‍ നിന്ന് കേട്ടറിഞ്ഞ വീട്ടമ്മ സിദ്ധനെ വിശ്വസിക്കുകയായിരുന്നു. വീട്ടില്‍ സ്വര്‍ണ്ണത്തിന്റെ വലിയ നിധി ശേഖരമുള്ളതായി ദിവ്യദൃഷ്ടിയില്‍ കാണുന്നുണ്ടെന്ന സിദ്ധന്റെ വിശദീകരണത്തില്‍ വീണ വീട്ടമ്മ അതെടുത്തുകൊടുക്കാന്‍ സിദ്ധന്റെ സഹായം തേടുകയായിരുന്നു. ഇതിന് മുന്നോടിയായി വീട്ടിലുള്ള മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും മാറ്റണമെന്ന് സിദ്ധന്‍ പറഞ്ഞത് വീട്ടമ്മ പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചു. സിദ്ധന്‍ ഏര്‍പ്പാട് ചെയ്തു പറഞ്ഞയച്ച ആളിന്റെ കൈയില്‍ പൊടിപോലുമില്ലാതെ മുഴുവന്‍ സ്വര്‍ണ്ണവും കൈമാറി. അതിന് ശേഷം സിദ്ധനെക്കുറിച്ച് വിവരമില്ലാതായ വീട്ടമ്മക്ക് താന്‍ തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. തുടര്‍ന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിദ്ധന്‍ കുടുങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റ് സ്ഥലങ്ങളിലും മൗലവി ഇത്തരം തട്ടിപ്പ് നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
