കാസര്‍കോട്: വാഹനാപകടത്തില്‍ ആഴമേറിയ ഓവുചാലില്‍ വീണ് അവശനിലയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ അതുവഴി വന്ന യുവാവ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെ മാവുങ്കാല്‍ കോട്ടപ്പാറയിലെ ഗയില്‍പദ്ധതി ഓഫീസനടുത്ത് റോഡില്‍ രു സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ട ജില്ലാ ആശുപത്രിയിലെ അറ്റന്റര്‍ മജീദ് കുറ്റിക്കോല്‍ നടത്തിയ അന്വേഷണത്തിലാണ് കാട് മൂടിക്കിടക്കുന്ന ഓവുചാലിനുള്ളില്‍ അവശനിലയിലായ യുവാവിനെ കണ്ടെത്തിയത്. മഴക്കിടയില്‍ യുവാവിനെ മജീദ് ഓവുചാലില്‍ നിന്നെടുത്ത് കരക്കെത്തിച്ചു. ശരീരത്തിന് ക്ഷതവും മുറിവും കാണപ്പെട്ടെ ഇയാളെ ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങളൊന്നും അതിന് തയ്യാറാവാതെ ഓടിച്ചുപോവുകയായിരുന്നു.
ഒടുവില്‍ 108 നമ്പറില്‍ അടിയന്തിര സഹായത്തിന് വിളിച്ചു. അവര്‍ ഉടന് വിവരം ജില്ലാ ആശുപത്രിയിലറിയിച്ചു. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തി യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞങ്ങാട്ട് വ്യാപാര സ്ഥാപനം നടത്തുന്ന ഏഴാംമൈലിലെ വിപിന്‍ദാസി(20)നാണ് അപകടമുണ്ടായത്. ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ വിപിന്റെ കൈക്ക് ഒടിവുപറ്റിയെന്ന് കണ്ടെത്തിയതായി മജീദ് അറിയിച്ചു. അരമണിക്കൂറിലേറെ മഴ നനഞ്ഞു കൊണ്ടു സഹജീവി സ്‌നേഹം പ്രകടിപ്പിച്ച മജീദിനെ നാട്ടുകാര്‍ അഭിനന്ദിച്ചു.
