കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്നു 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സൂത്രധാരന്‍ പിടിയിലായതായി സൂചന. കോഴിക്കോട്, രാമനാട്ടുകര സ്വദേശി നബീല്‍ (42)ആണ് പിടിയിലായത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തു വരുന്നതായാണ് സൂചന. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സൊസൈറ്റി സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി അബ്ദുല്‍ ജബ്ബാര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നബീല്‍ പിടിയിലായതെന്നാണ് സൂചന.
നബീലിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
കാറഡുക്ക സഹകരണ സംഘത്തില്‍ നിന്ന് രതീഷ് അടിച്ചുമാറ്റിയ മുഴുവന്‍ തുകയും ജബ്ബാര്‍ മുഖേന നബീലിന്റെ കൈവശമാണ് എത്തിയതെന്നാണ് ഇരുവരും നല്‍കിയ മൊഴി.
നബീലും ജബ്ബാറും ചേര്‍ന്ന് വ്യാജരേഖ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. ജബ്ബാറിന് ബ്രിട്ടനില്‍ നിന്ന് 673 കോടി രൂപ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന റിസര്‍വ്വ് ബാങ്കിന്റെ പേരിലുള്ള വ്യാജരേഖ കാണിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നിവരുടെ വ്യാജ ഒപ്പിട്ടിട്ടുള്ളതാണ് പ്രസ്തുത രേഖ.
ഇപ്പോള്‍ പൊലീസ് പിടിയിലായ നബീല്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞും തട്ടിപ്പ് നടത്തിയതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന ഓവര്‍കോട്ട് ധരിച്ചെത്തുന്ന നബീല്‍ തോക്കു കൈവശം വെച്ചാണ് ഇടപാടുകാരെ കാണാന്‍ എത്തിയിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
