കാസര്‍കോട്ട് നെല്ലിക്കുന്ന് വീണ്ടും സ്ഥാനാര്‍ത്ഥിയാവുമോ? ഭാഗ്യം മുനീര്‍ ഹാജിയെയും മാഹിന്‍ കേളോട്ടിനെയും കെഎം ഷാജിയേയും തേടുമോ?

കാസര്‍കോട്: കാസര്‍കോട്ട് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി എന്‍എ നെല്ലിക്കുന്ന് വീണ്ടും വരുമോ?
വന്നാലെന്താ എന്ന് ചോദിക്കാന്‍ ലീഗു ജില്ലാ നേതൃത്വത്തിലും യൂത്ത് ലീഗിലും ആളുകളുണ്ട്. വോട്ടര്‍മാരും നാട്ടുകാരുമുണ്ട്: മുസ്ലിം ലീഗ് ജില്ലാ ട്രഷററും ജീവകാരുണ്യ-വിദ്യാഭ്യാസ-സാമൂഹ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായ മുനീര്‍ ഹാജിയുടെ പേരും സ്ഥാനാര്‍ത്ഥി പരിഗണനയിലുണ്ട്. സാധാരണ രീതിയില്‍ മുസ്ലിം ലീഗിന്റെ ഒരു നിയമസഭാമണ്ഡലം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും മുമ്പു സംസ്ഥാന നേതൃത്വം പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റിന്റെ അഭിപ്രായം പരിഗണിക്കാറുണ്ട്. ആ സ്ഥിതിക്കു കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി ആരാകണമെന്നു ലീഗ് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ടിനോട് സംസ്ഥാന നേതൃത്വം ആരാഞ്ഞാല്‍ മാഹിന്‍ ആദ്യം പറയുന്നത് തന്റെ പേരായിരിക്കുമെന്ന് അണികള്‍ പറയുന്നു. ലീഗ് സംസ്ഥാന നേതാവ് കെ.എം ഷാജിക്കു വേണ്ടി കാസര്‍കോട് മണ്ഡലത്തില്‍ ഒരു സ്ലീപ്പിംഗ് സെല്‍ നേരത്തെ അണിയറ നീക്കം നടത്തുന്നുണ്ടെന്നു സംസാരമുണ്ട്. നേതൃത്വത്തിലും ഇതേ നീക്കമുണ്ടെന്നും പറയപ്പെടുന്നു. ഈ നീക്കം സജീവമായാല്‍ ഒരു വിഭാഗം യുവാക്കളുടെ പിന്തുണയും ജില്ലയില്‍ ഇതിനുണ്ടാവുമെന്നും സൂചനയുണ്ട്.
അത്തരത്തില്‍ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ കാസര്‍കോട് മണ്ഡലത്തില്‍ പെട്ട ആള്‍ സ്ഥാനാര്‍ത്ഥിയാവണമെന്ന പൊതുവികാരം ഉയരും. അത്തരമൊരു പൊല്ലാപ്പിനു നേതൃത്വം വഴിയൊരുക്കാനിടയില്ലെന്നാണ് പൊതു കാഴ്ചപ്പാട്. അതിന് എല്ലാവര്‍ക്കും പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയായി എന്‍എ നെല്ലിക്കുന്നിനെ ഉയര്‍ത്തിക്കാട്ടാനും ആളുകളുണ്ട്.
എന്‍എ സ്ഥാനാര്‍ത്ഥിയാവുകയും വിജയിക്കുകയും യുഡിഎഫിനു ഭൂരിപക്ഷം കിട്ടുകയും ചെയ്താല്‍ ലീഗിലെ ഒരു മന്ത്രി എന്‍ എ നെല്ലിക്കുന്നായിരിക്കുമെന്നും അതു ജില്ലയുടെ ഒരു സ്വപ്‌നമാണെന്നും സംസാരമുണ്ട്. അങ്ങനെ വന്നാല്‍ അതു ലീഗിന്റെ മലപ്പുറം ലോബിക്ക് താങ്ങാനാവുന്നതിനുമപ്പുറമുള്ള ആഘാതമാകുമെന്നും സംസാരമുണ്ട്. മലപ്പുറത്തിനു കിട്ടേണ്ട ഒരു മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ അത് ആരെ ബാധിക്കുമെന്ന് എല്ലാവരും പരസ്പരം സംശയിക്കുന്നുണ്ടത്രെ. അങ്ങനെയൊരു പ്രശ്‌നമുണ്ടാകാതിരിക്കണമെങ്കില്‍ മൂന്നു തവണ എംഎല്‍എ ആയ നെല്ലിക്കുന്നിനെ ഇനി സ്ഥാനാര്‍ത്ഥിയാക്കാതിരിക്കുകയാണ് എളുപ്പ വഴിയെന്നു കരുതുന്നവരുമുണ്ടെന്നു പറയുന്നു. കാസര്‍കോട് ലീഗിനു വെല്ലുവിളിയില്ലാത്ത മണ്ഡലമായതിനാലാണ് സ്ഥാനാര്‍ത്ഥിത്വത്തിനു വെല്ലുവിളി ഉയരുന്നതെന്നു പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page