ആദൂര്‍ സ്‌കൂളിലെ റാഗിംഗ് പ്രശ്നത്തെ ചൊല്ലിയുണ്ടായ കയ്യാങ്കളി; രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള പരസ്യ സംഘര്‍ഷത്തിലേയ്ക്ക്, വ്യാഴാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്; പ്രശ്നത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വന്‍ സംഘര്‍ഷത്തിനു സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ്

കാസര്‍കോട്: ആദൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരത്തെ നടന്ന റാഗിംഗിനെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളി രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള പരസ്യ സംഘര്‍ഷത്തിലേയ്ക്ക്. പ്രശ്നത്തിനു ഉടന്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതി ഗുതുരതരമാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം മുള്ളേരിയ ജുമാമസ്ജിദില്‍ മഗ്രിബ് നിസ്‌ക്കാരം നിര്‍വ്വഹിച്ചു പുറത്തിറങ്ങിയ മൂന്നുപേര്‍ ആക്രമത്തിനിരയായതോടെയാണ് സ്ഥിതി കൈവിട്ടു പോകുമെന്ന ആശങ്ക ഉടലെടുത്തിട്ടുള്ളത്. ആദൂര്‍, സി എ നഗറിലെ ആസിഫ് (28), പൂത്തപ്പലത്തെ റഹീസ് (18) എന്നിവര്‍ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആസിഫിനെയും റഹീസിനെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും മൂന്നാമനെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി 10.30 മണിക്ക് മുള്ളേരിയ, മദീന ഹോട്ടലിനു സമീപത്തുണ്ടായ അക്രമത്തില്‍ മുള്ളേരിയ, മൊയന്തന്‍പാറ ഹൗസിലെ സുലൈമാന്‍ സാബിത്ത് (40), മുള്ളേരിയയിലെ പ്രിത്വിന്‍ (25) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ താജുദ്ദീന്‍, സത്താര്‍, ഫൈസല്‍, അന്‍സാഫ്, ഷൗക്കത്ത്, റപ്പി, ആഷിഖ്, അക്സല്‍, അസിഫ് എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ആസിഫും മറ്റു രണ്ടുപേരും വാഴാഴ്ച അക്രമത്തിനു ഇരയായത്.
ആദൂര്‍, സ്‌കൂളില്‍ പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ റാഗിംഗിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടായതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായതെന്നു പറയുന്നു. വിഷയം പിന്നീട് രണ്ടുപ്രദേശത്തുകാര്‍ തമ്മിലുള്ള പ്രശ്നമായി മാറുകയായിരുന്നുവത്രെ. റാഗിംഗ് നടത്തിയ വിദ്യാര്‍ത്ഥിയെ അന്നു സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഈ വിരോധത്തില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ സംഘവും എതിര്‍ സംഘവും മുള്ളേരിയയില്‍ നടന്ന ഉപജില്ലാ കലോത്സവത്തിനിടയില്‍ ഏറ്റുമുട്ടിയിരുന്നു. പിന്നീട് ആദൂര്‍ പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചു പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സ്‌കൂളിലെ റാഗിംഗ് പ്രശ്നത്തെ ചൊല്ലി ഉണ്ടായ ചെറിയ സംഘര്‍ഷം രണ്ടു പ്രദേശത്തുകാര്‍ തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേയ്ക്ക് എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page