രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇനി യു ഡി എഫിന്റെ കണ്ണിലുണ്ണിച്ച

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ യു ഡി എഫിന് ചരിത്ര വിജയം നേടിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അണികള്‍ക്കിപ്പോള്‍ വെറും ഉണ്ണിച്ചയല്ല. കണ്ണനുണ്ണിച്ചയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കെ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ തടിച്ചു കൂടിയ യു ഡി എഫ് പ്രവര്‍ത്തകര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉണ്ണിത്താന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടിരുന്നു. മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷം നേടിയ യു ഡി എഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനെ തോല്‍പ്പിച്ചപ്പോള്‍ ഉണ്ണിച്ച എന്ന പേര് അണികള്‍ നല്‍കിയിരുന്നു. ഇത്തവണ ഭൂരിപക്ഷം ഒരു ലക്ഷം മറി കടന്നപ്പോള്‍ ആ പേര് അവര്‍ തന്നെ സ്വയം മാറ്റി-കണ്ണനുണ്ണിച്ച.
വിജയാഹ്ലാദ മുദ്രാവാക്യങ്ങള്‍ അങ്ങനെയായിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ഇറങ്ങി സര്‍വ്വകലാശാലാ ഗേറ്റിനടുത്തെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ വാരിയെടുത്തു തോളിലേറ്റി. മുസ്ലീംലീഗ് ജില്ലാ നേതാക്കന്മാര്‍ നറുപുഷ്പങ്ങള്‍ കൊണ്ടുണ്ടാക്കിയ കൂറ്റന്‍ മാല അണിയിച്ചു ജേതാവിനെ വരവേറ്റു. തുറന്ന വാഹനത്തില്‍ വോട്ടര്‍മാര്‍ക്കു അനുമോദനം നല്‍കിയ സ്ഥാനാര്‍ത്ഥിയെ അവര്‍ ഇരുചക്രവാഹനങ്ങളില്‍ പിന്തുടര്‍ന്നു. ആഹ്ലാദ പ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു. കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി ജനറല്‍ സെക്രട്ടറി ജെ എസ് സോമശേഖര, ജെ എസ് രാധാകൃഷ്ണ, വനിതാ ഭാരവാഹികള്‍ തുടങ്ങി അപൂര്‍വ്വമാളുകള്‍ ആഹ്ലാദ പ്രകടനത്തില്‍ അണിചേര്‍ന്നു. മുസ്ലീംലീഗില്‍ നിന്ന് കല്ലട്ര മാഹിന്‍ ഹാജി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, പ്രാദേശിക നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരടക്കം ലീഗ് പ്രാതിനിധ്യം ആഹ്ലാദ പ്രകടനത്തില്‍ പ്രകടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page