മുംബൈ: യുവമോര്‍ച്ചാ നേതാവ് സുള്ള്യ, ബെള്ളാരെയിലെ പ്രവീണ്‍ നെട്ടാറുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ഹാരള്ളി സ്വദേശി റിയാസ് യൂസഫ് എന്ന റിയാസിനെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഗള്‍ഫിലേക്ക് കടക്കാനായി എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതോടെ പ്രവീണ്‍ നെട്ടാരു വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മുസ്തഫ പൈച്ചാറിനു സകലേഷ്പുരത്തെ ഒളിത്താവളം ഒരുക്കിക്കൊടുത്തുവെന്നാണ് റിയാസിനെതിരെയുള്ള ആരോപണം. മുസ്തഫ പൈച്ചാറിനെ ഇക്കഴിഞ്ഞ മെയ് 10ന് എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണ് റിയാസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 2022 ജുലായ് 26ന് രാത്രിയിലാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്.
