ജസീല എന്തിനു ആത്മഹത്യ ചെയ്തു; കരുതലോടെ അന്വേഷണം; യുവാവ് നിരീക്ഷണത്തില്‍, പൊലീസ് നിയമോപദേശം തേടി

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയതിന്റെ മനോവിഷമത്തില്‍ ആലമ്പാടി, നാല്‍ത്തടുക്കയിലെ ജസീല എലിവിഷം കഴിച്ച് ജീവനൊടുക്കിയ കേസിന്റെ അന്വേഷണത്തില്‍ അതീവ ജാഗ്രതയോടെ അന്വേഷണ സംഘം. നാടിനെ നടുക്കിയ ആത്മഹത്യ സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വരികയും മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് കരുതലോടെയുള്ള അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. അന്വേഷണം വ്യാപിപ്പിക്കുന്നതിനു മുന്നോടിയായി അന്വേഷണ സംഘം നിയമോപദേശം തേടി. ഇതിനു ലഭിച്ച മറുപടിയുടെ ബലത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ജസീലക്കെതിരെ പൊലീസില്‍ നല്‍കിയ പരാതി വിദ്യാനഗർ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആദൂർ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ യുവതി നല്‍കിയ മൊഴി പകര്‍പ്പും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ നല്‍കിയതിന്റെ രേഖകള്‍ ,ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ മൊഴികള്‍ എന്നിവയും പൊലീസ് കസ്റ്റഡിയിലാണ്.
എലിവിഷം വാങ്ങിയ കട കണ്ടെത്തുകയും ഉടമയുടെ മൊഴി ശേഖരിക്കുകയും ചെയ്തു. മുളിയാര്‍, പൊവ്വല്‍ ബെഞ്ച് കോടതിക്കു സമീപത്തെ ഗള്‍ഫുകാരന്റെ ഭാര്യയായ ആലമ്പാടി നാല്‍ത്തടുക്കയിലെ ജസീല കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ മരണപ്പെട്ടത്. ഫെബ്രുവരി 15നാണ് വിഷം കഴിച്ചത്.
ഭര്‍തൃവീട്ടിനു സമീപത്തെ ഒരു വീട്ടില്‍ നിന്നു ഒന്‍പതര പവന്‍ സ്വര്‍ണ്ണം മോഷണം പോയതായി പറയുന്നു. ഇതിനു പിന്നിൽ ജസീലയാണെന്നു കാണിച്ച് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിനു ശേഷം യുവതി സ്വന്തം വീട്ടിലെത്തിയപ്പോള്‍ പ്രസ്തുത വീട്ടുകാര്‍ അവിടെ എത്തി മാനസികമായി പീഡിപ്പിച്ചതായും പരാതിയുണ്ട്.
ഇതോടെയാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നു വിശദമാക്കുന്ന വീഡിയോ വാട്‌സ് ആപ്പിലൂടെ പങ്കുവച്ച ശേഷം ജസീല എലിവിഷം കഴിച്ച് ജീവനൊടുക്കിയത് . അന്വേഷണത്തിന്റെ ഭാഗമായി ഒരു യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്. എന്നാല്‍ അതാരാണെന്നു വ്യക്തമാക്കാന്‍ പൊലീസ് വൃത്തങ്ങള്‍ വിസമ്മതിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page